ഒരുമിച്ചും ഒത്തുകളിച്ചും മലര്‍വാടി ബാലോത്സവം കുട്ടികള്‍ക്ക് നവ്യാനുഭവമായി

അക്കാദമിക് വിഷയങ്ങളിലും ഐടി ഉപകരണങ്ങളിലും മാത്രം തളച്ചിടുന്ന പ്രവാസി ബാല്യങ്ങള്‍ക്ക് അവരുടെ കലാ കായിക സര്‍ഗ്ഗാത്മക കഴിവുകള്‍ പരസ്പരം മത്സരിക്കാതെ കണ്ടെത്തുകയും തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ബാലോത്സവം സംഘടിപ്പിച്ചത്.

Update: 2019-04-22 18:22 GMT

ജിദ്ദ: 'ഒരുമിക്കാം ഒത്തുകളിക്കാം' എന്ന മുദ്രാവാക്യവുമായി മലര്‍വാടി ജിദ്ദ സൗത്ത് സോണ്‍ സംഘടിപ്പിച്ച ബാലോസവം 2019 വേറിട്ട അനുഭവമായി. അക്കാദമിക് വിഷയങ്ങളിലും ഐടി ഉപകരണങ്ങളിലും മാത്രം തളച്ചിടുന്ന പ്രവാസി ബാല്യങ്ങള്‍ക്ക് അവരുടെ കലാ കായിക സര്‍ഗ്ഗാത്മക കഴിവുകള്‍ പരസ്പരം മത്സരിക്കാതെ കണ്ടെത്തുകയും തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ബാലോത്സവം സംഘടിപ്പിച്ചത്. കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ടീന്‍സ് എന്നിങ്ങനെ 5 ഗ്രൂപ്പുകളിലായി 300 നടുത്ത് കുട്ടികള്‍ പങ്കെടുത്ത ബാലോല്‍സവം ഫലസ്തീന്‍ സ്ട്രീറ്റില്‍ ദുര്‍റ കോമ്പൗണ്ടില്‍ വെച്ചാണ് നടന്നത്.

പ്രവാസി കുട്ടികള്‍ക്കിടയില്‍ സാധാരണ നടക്കാറുള്ള വിവിധ മത്സരഇനങ്ങളോടൊപ്പം ഉന്നം നോക്കാം, കണ്ണാടി നോക്കി നടക്കാം, സൂചിക്ക് നൂല്‍ കോര്‍ക്കാം, പാലം കടക്കാം, പിരമിഡ് നിര്‍മാണം, നെറ്റിപ്പന്ത്, ഷൂട്ട് ഔട്ട്, കയറില്‍ മുന്നേറാം, നൂറാംകോല്‍, വള്ളിച്ചാട്ടം തുടങ്ങി 40 ഇനങ്ങള്‍ ഉള്‍പ്പെടുന്ന മത്സര കൗണ്ടറുകളാണ് ബാലോത്സവത്തില്‍ ഒരുക്കിയിരുന്നത്. മത്സരങ്ങള്‍ക്കനുവദിച്ച 2 മണിക്കൂര്‍ സമയപരിധിയില്‍ മുഴുവന്‍ ഇനങ്ങളില്‍ പങ്കെടുക്കുകയും പരമാവധി സ്‌കോര്‍ നേടിയെടുക്കുകയും ചെയ്യുകയെന്നതായിരുന്നു മല്‍സര രീതി. വളരെ ആവേശത്തോടെയാണ് കുട്ടികള്‍ ഓരോ ഇനങ്ങളിലും പങ്കെടുത്തത്. മത്സരത്തില്‍ പങ്കെടുത്ത് സ്‌കോര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും പ്രോത്സാഹന സമ്മാനങ്ങളൊരുക്കിയിരുന്നു.

രക്ഷിതാക്കള്‍ക്കായി 'സ്‌നേഹവീട്' എന്ന തലക്കെട്ടില്‍ സിജി റിസോഴ്‌സ് പേഴ്‌സണ്‍ റഷീദ് അമീന്‍ നയിച്ച പ്രത്യേക പാരന്റിംഗ് സെഷനും ഉണ്ടായിരുന്നു. ബാലോത്സവ സമാപനത്തോടനുബന്ധിച്ചു മലര്‍വാടി അംഗങ്ങളുടെ അറബിക് ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, ദഫ് മുട്ട്, സ്‌കിറ്റ് തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി. ഓരോ കാറ്റഗറിയിലും ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കരസ്ഥമാക്കിയവര്‍ക്കുള്ള സമ്മാനങ്ങള്‍ അബ്ദു റഊഫ് (നജ്മത്തുല്‍ മന്‍ഹല്‍), മുഹമ്മദ് സാബിര്‍ (സദാഫ്‌ക്കോ), സുബൈര്‍ (ഇന്ദൂമി ന്യൂഡില്‍സ്), പ്രേമന്‍ (ഒലീവ് റെസ്റ്റാറന്റ്), റുക്‌സാന മൂസ (തനിമ വനിതാ വിഭാഗം) എന്നിവര്‍ വിതരണം ചെയ്തു. എ. നജ്മുദ്ധീന്‍ (മലര്‍വാടി രക്ഷാധികാരി), നിസാര്‍ ഇരിട്ടി (മലര്‍വാടി സീനിയര്‍ റിസോഴ്‌സ് പേഴ്‌സണ്‍) എന്നിവര്‍ സംസാരിച്ചു. സലീം കൂറ്റമ്പാറ, ഹസീബ് ഏലച്ചോല, റാഷിദ് സി. എച്ച്, അബ്ദുസ്സലാം, നൗഷാദ് നിടോളി, സൈനുല്‍ ആബിദ്, സാഹിറ നസീം, ഫസീല ശാക്കിര്‍, മുഹ്‌സിന നജ്മുദ്ധീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഷമീം വികെ, സഫ ശാക്കിര്‍ എന്നിവര്‍ അവതാരകരായിരുന്നു.

Tags:    

Similar News