കോണ്‍വെന്റ് അധികൃതര്‍ ദ്രോഹിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര നിരാഹാര സമരത്തില്‍
കല്‍പ്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുര നിരാഹാര സമരത്തില്‍. കാരയ്ക്കാമല എഫ്‌സിസിക്ക് മുന്‍പിലാണ് ലൂസി കളപ്പുര നിരാഹാര സമരം നടത്തുന്നത്. കാരയ്ക്കാമല കോണ്‍വെന്റ് അധികൃതര്‍ ദ്രോഹിക്കുന്നുവെന്ന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് നിരാഹാര സമരം. കോണ്‍വെന്റിലെ റൂമിന് പുറത്തുള്ള വരാന്തയിലെ വൈദ്യുതി വിച്ഛേദിച്ചുവെന്ന് ലൂസി കളപ്പുര ആരോപിക്കുന്നു.
മഠത്തില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലൂസി കളുപ്പര സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. കോണ്‍വെന്റില്‍ നിന്ന് ലൂസി ഇറങ്ങി പോകണമെന്ന് ഉത്തരവിടാന്‍ സാധിക്കില്ലെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. കോണ്‍വെന്റിലെ താമസവുമായി ബന്ധപ്പെട്ട ഹര്‍ജി എത്രയും വേഗം തീര്‍പ്പാക്കണമെന്ന് മുന്‍സിഫ് കോടതിയോട് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കാരയ്ക്കാമല കോണ്‍വെന്റിനെതിരെ സിസ്റ്റര്‍ ലൂസി രംഗത്തെത്തിയിരിക്കുന്നത്.
സഭാ ചട്ടങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ച് ലൂസി കളപ്പുരയെ മഠത്തില്‍ നിന്ന് പുറത്താക്കിയ എഫ്‌സിസി സന്യാസിനി സമൂഹത്തിന്റെ നടപടി വത്തിക്കാന്‍ ശരിവച്ചെന്നാണ് മഠം അധികൃതര്‍ പറയുന്നത്. ഇവര്‍ മഠം വിട്ട് ഇറങ്ങണമെന്നും ആവശ്യപ്പെടുന്നു. എന്നാല്‍ മഠത്തില്‍ നിന്ന് ഇറങ്ങില്ലെന്നാണ് ലൂസി കളപ്പുരയുടെ നിലപാട്.