ഇസ്‌ലാമിലേക്കുള്ള മതം മാറ്റം; ദേശീയ സുരക്ഷാ നിയമം ചുമത്താന്‍ ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി

ആയിരത്തിലധികം പേര്‍ ഇസ്‌ലാമിക് ദഅ്‌വ സെന്റര്‍ വഴി ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെന്നാണ് എടിഎസ് പറയുന്നത്.

Update: 2021-06-22 10:45 GMT

ന്യൂഡല്‍ഹി:ഇസ്‌ലാം മത പ്രചാരകര്‍ക്കെതിരേ വിദ്വേഷ നടപടികള്‍ ശക്തമാക്കി ഉത്തര്‍പ്രദേശ് ഭരണകൂടം. മതപ്രചാരണത്തിന്റെ പേരില്‍ യുപി പോലിസ് ഡല്‍ഹിയിലെ ജാമിഅ നഗറില്‍ നിന്നും അറസ്റ്റു ചെയ്ത രണ്ടു പേര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) കൂടി ചുമത്താന്‍ മുഖ്യമന്ത്രി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കി. ഇസ്‌ലാമിക് ദഅ്‌വാ സെന്റര്‍ ഭാരവാഹികളായ മുഫ്ത് ഖാസി ജഹാംഗീര്‍ ആലം ഖാസിമി, മുഹമ്മദ് ഉമര്‍ ഗൗതം എന്നിവരെ കഴിഞ്ഞ ദിവസമാണ് യു പി പോലിസ് അറസ്റ്റു ചെയ്തത്. ഇവര്‍ക്കെതിരേ എന്‍എസ്എ ചുമത്തണമെന്ന് ആദിത്യനാഥ് പോലിസിന് നിര്‍ദ്ദേശം നല്‍കി.

രണ്ടുപേരെയും ലഖ്‌നൗവിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സത്യവീര്‍ സിങ്ങ് ജൂലൈ 3 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചിരുന്നു. പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇന്ന് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (യുപി എടിഎസ്) അപേക്ഷ നല്‍കിയിട്ടുണ്ട്.

ഇസ്‌ലാമിക് ദഅ്‌വ സെന്റര്‍ പാകിസ്താന്‍ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മതം മാറ്റിയവരെ തീവ്രവാദികളാക്കി മാറ്റി രാജ്യത്തിനെതിരേ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഉള്‍പ്പടെയുള്ള ആരോപണങ്ങളാണ് എടിഎസ് ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ ഉന്നയിക്കുന്നത്. സാമ്പത്തികമായി ദുര്‍ബലരായ ജനവിഭാഗങ്ങളെയും വിദ്യാര്‍ത്ഥികളെയും മതപരിവര്‍ത്തനം നടത്തുന്നു, ശ്രവണ, സംസാര വൈകല്യമുള്ള കുട്ടികളെയും ലക്ഷ്യമിടുന്നു തുടങ്ങി പല ആരോപണങ്ങളും ഇസ്‌ലാമിക് ദഅ്‌വ സെന്ററിനു നേരെ ഉന്നയിക്കുന്നുണ്ട്.

ആയിരത്തിലധികം പേര്‍ ഇസ്‌ലാമിക് ദഅ്‌വ സെന്റര്‍ വഴി ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെന്നാണ് എടിഎസ് പറയുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഇതില്‍ ഉള്‍പ്പെടും. ഇസ്‌ലാമിക് ദഅ്‌വ സെന്ററുമായി ബന്ധപ്പെട്ട് രാജ്യത്ത് പലയിടങ്ങളിലും മതപരിവര്‍ത്തന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും ഇവയെ കുറിച്ച് അന്വേഷിക്കുമെന്നും എടിഎസ് ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു.

അതേസമയം വ്യാജ ആരോപണങ്ങളുന്നയിച്ച് ഇസ്‌ലാമിക് ദഅ്‌വ സെന്ററിനും ഭാരവാഹികള്‍ക്കും എതിരേ നടപടിയെടുക്കുകയും അതിലൂടെ രാജ്യത്തെ മറ്റ് ഇസ്‌ലാം മതപ്രചാരണ സ്ഥാപനങ്ങളെ കേസില്‍ കുടുക്കുകയുമാണ് ആദിത്യനാഥ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് സംശയിക്കപ്പെടുന്നുണ്ട്. മുസ്‌ലിം വിദ്വേഷം മുഖ്യ അജണ്ടയായി കണ്ട് പ്രവര്‍ത്തിക്കുന്ന ആദ്യത്യനാഥ് സര്‍ക്കാര്‍ വ്യാജ കേസുകളിലൂടെ മറ്റു സംസ്ഥാനങ്ങളിലെ മുസ്‌ലിം സംഘടനാ പ്രവര്‍ത്തകരെയും പിടികൂടി ജയിലില്‍ അടക്കുന്നുണ്ട്. മതപരിവര്‍ത്തിന്റെ പേരില്‍ ഇത് വ്യാപിപ്പിക്കാനാണ് നീക്കമെന്നും സംശയം ഉയരുന്നുണ്ട്.

Tags:    

Similar News