യുഎഇ ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ തമ്മില്‍ സഹകരണത്തിനു ധാരണ

Update: 2022-08-17 14:48 GMT

ദുബയ്: 76ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെയും യുഎഇയിലെയും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തമ്മില്‍ സഹകരണ ധാരണയിലെത്തി.

യുഎഇയിലെ ദുബയ് യൂനിവേഴ്‌സിറ്റി (യുഡി) ഇന്ത്യയിലെ ഐഐടികള്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി), ഐഐഎം (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്), സ്വയംഭരണ യൂനിവേഴ്‌സിറ്റികള്‍ എന്നിവയുള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പരസ്പര സഹകരണത്തിനായുള്ള ധാരണപത്രത്തില്‍ ഒപ്പുവച്ചത്. ധാരണപ്രകാരം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പഠനങ്ങള്‍ക്കും ഗവേഷണത്തിനുമായി കൈമാറും.

ദുബയ് സര്‍വ്വകലാശാല പ്രസിഡന്റ് ഡോ. ഈസ ബസ്തകിയും പ്രൊവോസ്റ്റും ചീഫ് അക്കാദമിക് ഓഫിസറുമായ പ്രൊഫസര്‍ ഹുസൈന്‍ അല്‍ അഹ്മദും ഇന്ത്യന്‍ സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരുമായി കരാറില്‍ ഒപ്പുവച്ചു. ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ അമന്‍ പുരിയുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പിടല്‍ ചടങ്ങ്. പ്രമുഖ ഇന്ത്യന്‍ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി അടക്കമുള്ളവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഉന്നത വിദ്യാഭ്യാസ സഹകരണത്തിനായി ഇരു രാജ്യങ്ങളും തമ്മില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതിയില്‍ സഹകരിക്കുന്നത്.

ചരിത്രപരമായ ഈ പങ്കാളിത്തം യുഎഇയും ഇന്ത്യയും തമ്മിലുള്ള തുടര്‍ച്ചയായ സഹകരണത്തിന് ഊര്‍ജം പകരും. പരസ്പര വളര്‍ച്ചയ്ക്കും നൂതനത്വത്തിനും പുതിയ അവസരങ്ങള്‍ സഹായിക്കുമെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷവേളയില്‍ ഇത്തരമൊരു പദ്ധതി ആരംഭിച്ചതില്‍ ദുബയ് യൂനിവേഴ്‌സിറ്റിയെ അഭിനന്ദിച്ചുകൊണ്ട് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി പറഞ്ഞു.

ആഗോള സമാധാനത്തിനായും ഉന്നതിക്കുമായും ഇന്ത്യയെയും യുഎഇയുമാണ് ലോകം ഉറ്റുനോക്കുന്നതെന്ന് എം എ യൂസഫലി പറഞ്ഞു. ഇന്ത്യയുഎഇ ബന്ധത്തിന്റെ സുദീര്‍ഘമായ ചരിത്രത്തിലെ മറ്റൊരു കാല്‍വയ്പ്പാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News