എആര്‍ നഗര്‍ ബാങ്ക് മുന്‍ സെക്രട്ടറി ഹരികുമാറിന് വ്യാജ അക്കൗണ്ട്; ബാങ്കില്‍ വ്യാപക ക്രമക്കേടെന്നും സഹകരണമന്ത്രി നിയമസഭയില്‍

കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. ബാങ്കിലെ ജീവനക്കാരുടേയും ബന്ധുക്കളുടെയും പേരില്‍ രണ്ടര കോടിയലധികം രൂപയുടെ അനധികൃത നിക്ഷേപങ്ങളാണുള്ളത്.

Update: 2021-10-05 09:15 GMT

തിരുവനന്തപുരം: മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ വ്യാപക ക്രമക്കേടെന്ന് സഹകരണമന്ത്രി വിഎന്‍ വാസവന്‍ നിയമസഭയില്‍. ബാങ്കില്‍ നിരവധി വ്യാജ അക്കൗണ്ടുകളുണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചു. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് വെളിപ്പെടുത്തല്‍.

എആര്‍ നഗര്‍ സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി വികെ ഹരികുമാറിനും വ്യാജ അക്കൗണ്ട് ഉണ്ടെന്ന് സഹകരണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കെ വൈസി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. ബാങ്കിലെ ജീവനക്കാരുടേയും ബന്ധുക്കളുടെയും പേരില്‍ രണ്ടര കോടിയലധികം രൂപയുടെ അനധികൃത നിക്ഷേപങ്ങളാണുള്ളത്.

വ്യാജ അക്കൗണ്ടുകളിലൂടെ വ്യാപകമായ ക്രമക്കേടുകളാണ് നടന്നതെന്നും സഹകരണ മന്ത്രിയുടെ രേഖാമൂലമുള്ള മറുപടിയില്‍ പറയുന്നു. 257 ബാങ്ക് ഐഡിയില്‍ അക്കൗണ്ടുള്ളതായി കാണുന്നില്ല. ഒരാളുടെ പേരില്‍ വിവിധ കസ്റ്റമര്‍ ഐ.ഡികളുള്ളതായി കണ്ടെത്തി. ചില കസ്റ്റമര്‍ ഐ.ഡികളുടെ വിലാസം തിരുത്തി. ജീവനക്കാരുടെ അക്കൗണ്ടിലും അനധികൃത നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. പിന്നില്‍ മുന്‍ ബാങ്ക് സെക്രട്ടറി ഹരികുമാറാണെന്നും മറുപടിയില്‍ പറയുന്നു.

നേരത്തെ ബാങ്കില്‍ അഴിമതി നടന്നോ എന്നു പറയാന്‍ കഴിയില്ലെന്നാണ് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

Tags:    

Similar News