ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷം; അക്രമികളുടെ ചിത്രങ്ങള്‍ കൊല്‍ക്കത്ത പോലിസ് പുറത്തുവിട്ടു
ന്യൂഡല്‍ഹി: വനിതാ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരായ വന്‍ പ്രതിഷേധത്തിനിടെ ആര്‍ജി കര്‍ മെമ്മോറിയല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിലെ പ്രതികളുടെ ചിത്രങ്ങള്‍ കൊല്‍ക്കത്ത പോലിസ് പുറത്തുവിട്ടു. അക്രമം നടത്തിയവരെന്നു പറഞ്ഞ് ഏതാനുംപേരുടെ ചിത്രം അവരുടെ മുഖം പ്രത്യേകം അടയാളപ്പെടുത്തിയാണ് സിറ്റി പോലിസ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്. വ്യക്തികളെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് തേടിയിട്ടുണ്ട്. ബലാല്‍സംഗക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിലും രാജ്യത്തിന്റെ മറ്റ് പല നഗരങ്ങളിലും സ്ത്രീകള്‍ 'റീക്ലെയിം ദ നൈറ്റ്' എന്ന പേരില്‍ പ്രതിഷേധം തുടരുകയാണ്.
ഇതിനിടെയാണ് ഇന്നലെ രാത്രി ഒരു സംഘം ആശുപത്രിയിലെത്തി ആക്രമണം നടത്തുകയും പൊതുമുതലും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തത്. വസ്തുവകകള്‍ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പോലിസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ ഉപയോഗിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പോലിസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് 31 കാരിയായ വനിതാ ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടത്.