രാജ്യം അസ്ഥിരതയുടെ അപകടത്തില്‍; അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി

Update: 2021-08-14 14:08 GMT

കാബൂള്‍: രാജ്യം അസ്ഥിരതയുടെ അപകടത്തിലാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി. കാബൂളിന്റെ 17 കിലോമീറ്റര്‍ അകലെ വരെ താലിബാന്‍ സേന എത്തിയ സാഹചര്യത്തിലാണ് പ്രസിഡന്റ് അതീവ ഗുരുതരാവസ്ഥ സംബന്ധിച്ച് പ്രസ്താവന നടത്തിയത്. അഫ്ഗാന്‍ സേനയെ ഒന്നിച്ചു നിര്‍ത്താനുള്ള ശ്രമം നടക്കുന്നതായും ഗനി മാധ്യമങ്ങളോട് പറഞ്ഞു.


കഴിഞ്ഞ 20 വര്‍ഷം കൊണ്ട് നേടിയെടുത്ത നേട്ടങ്ങള്‍ രാജ്യം ഒരിക്കലും മറക്കില്ലെന്നും അഷ്‌റഫ് ഗനി പറഞ്ഞു. രാജ്യത്തെ സാഹചര്യങ്ങള്‍ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവരുമായി ചര്‍ച്ച ചെയ്തു. നിലവിലെ സാഹചര്യത്തില്‍ സുരക്ഷ, പ്രതിരോധ സേനകളുടെ പുനര്‍വിന്യാസം എന്നിവയ്ക്കാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന സാഹചര്യത്തെ മറികടക്കുകയാണ് തന്റെ പ്രഥമ പരിഗണനയെന്നും ഗനി പറഞ്ഞു. അതേസമയം പ്രസിഡന്റ് രാജിവക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചില്ല.


നിലവില്‍ അഫ്ഗാനിസ്താനിലെ 34 പ്രവിശ്യകളില്‍ 18 എണ്ണവും താലിബാന്റെ അധീനതയിലാണ്. കാബൂളിനരികെ താലിബാന്‍ എത്തിയതോടെ പ്രതിനിധികളെ ഒഴിപ്പിക്കാനൊരുങ്ങുകയാണ് എംബസികള്‍. ഡെന്മാര്‍ക്ക് , സ്‌പെയിന്‍, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളാണ് അവരുടെ പ്രതിനിധികളെ ഒഴിപ്പിക്കാനൊരുങ്ങുന്നത്. അഫ്ഗാന്റെ വലിയ നഗരമായ കാണ്ഡഹാറും കഴിഞ്ഞ ദിവസം താലിബാന്‍ പിടിച്ചെടുത്തിരുന്നു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ അഫ്ഗാനില്‍ നിന്നൊഴിപ്പിക്കുകയാണ്. സാഹചര്യം ഗുരുതരമാണെന്നും അയല്‍രാജ്യങ്ങളോട് അതിര്‍ത്തി തുറന്ന് നല്‍കണമെന്നും ഐക്യരാഷ്ട്രസഭയും ആവശ്യപ്പെട്ടിട്ടുണ്ട്.അഫ്ഗാനിസ്ഥാന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് പ്രവശ്യകളില്‍ ഭൂരിഭാഗവും താലിബാന്‍ പിടിച്ചെടുത്തുകഴിഞ്ഞു.




Tags:    

Similar News