അഫ്ഗാന്‍ മണ്ണ് മറ്റ് രാജ്യങ്ങളെ ആക്രമിക്കുന്നതിന് ഉപയോഗിക്കാന്‍ അനുവദിക്കില്ല: താലിബാന്‍ നേതാവ്

കാബൂള്‍ അന്താരാഷ്ട്ര സമൂഹവുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടരുതെന്നും ഈദുല്‍ അസ്ഹയ്ക്ക് മുന്നോടിയായുള്ള സന്ദേശത്തില്‍ അഖുന്ദ്‌സാദ പറഞ്ഞു.

Update: 2022-07-07 01:44 GMT

കാബൂള്‍: അഫ്ഗാന്‍ മണ്ണിനെ ഉപയോഗിച്ച് മറ്റ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ പരമോന്നത നേതാവ് ഹെബത്തുള്ള അഖുന്ദ്‌സാദ. കഴിഞ്ഞ വര്‍ഷം കാബൂളില്‍ താലിബാന്‍ അധികാരത്തിലേറിയതിനു പിന്നാലെ അഫ്ഗാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ സായുധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ഇന്ത്യയും മേഖലയിലെ മറ്റ് രാജ്യങ്ങളും ആശങ്കാകുലരാകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കാബൂള്‍ അന്താരാഷ്ട്ര സമൂഹവുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടരുതെന്നും ഈദുല്‍ അസ്ഹയ്ക്ക് മുന്നോടിയായുള്ള സന്ദേശത്തില്‍ അഖുന്ദ്‌സാദ പറഞ്ഞു.

'മറ്റ് രാജ്യങ്ങളുടെ സുരക്ഷയെ ഭീഷണിപ്പെടുത്താന്‍ ഞങ്ങളുടെ പ്രദേശം ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഞങ്ങളുടെ അയല്‍ക്കാര്‍ക്കും പ്രദേശത്തിനും ലോകത്തിനും ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു. മറ്റ് രാജ്യങ്ങള്‍ ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു' -അഖുന്ദ്‌സാദ പറഞ്ഞു.

'പരസ്പര ഇടപെടലിന്റെയും പ്രതിബദ്ധതയുടെയും ചട്ടക്കൂടിനുള്ളില്‍, അമേരിക്ക ഉള്‍പ്പെടെയുള്ള ലോകവുമായി നല്ലതും നയതന്ത്രപരവും സാമ്പത്തികവും രാഷ്ട്രീയവുമായ ബന്ധമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, ഞങ്ങള്‍ ഇത് എല്ലാ കക്ഷികളുടെയും താല്‍പ്പര്യങ്ങള്‍ പരിഗണിക്കുന്നു'- അദ്ദേഹം പറഞ്ഞു.

തന്റെ സന്ദേശത്തില്‍ അഖുന്ദ്‌സാദ വിദ്യാഭ്യാസത്തെക്കുറിച്ചും സംസാരിച്ചു.

'ഇസ്‌ലാമിക് എമിറേറ്റ് വിദ്യാഭ്യാസത്തില്‍ ശ്രദ്ധ ചെലുത്തുന്നു, കുട്ടികള്‍ക്കുള്ള മതപരവും ആധുനികവുമായ പഠനങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നു, ഇസ്‌ലാമിക് എമിറേറ്റ് അതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും അത് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് കഠിനമായി പരിശ്രമിക്കുകയും ചെയ്യും'- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം, അഫ്ഗാന്‍ തലസ്ഥാനത്തെ എംബസിയില്‍ ഒരു 'സാങ്കേതിക ടീമിനെ' വിന്യസിച്ചുകൊണ്ട് ഇന്ത്യ കാബൂളില്‍ നയതന്ത്ര സാന്നിധ്യം പുനഃസ്ഥാപിച്ചിരുന്നു.

കഴിഞ്ഞ ആഗസ്തില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ എംബസിയിലെ ഉദ്യോഗസ്ഥരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളെ തുടര്‍ന്ന് ഇന്ത്യ അവരെ പിന്‍വലിച്ചിരുന്നു.

അഫ്ഗാനിസ്ഥാനിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ പോയിന്റ് പേഴ്‌സണ്‍ ജെ പി സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം കാബൂളിലെത്തി അഫ്ഗാന്‍ ആക്ടിംഗ് വിദേശകാര്യ മന്ത്രി മൗലവി അമീര്‍ ഖാന്‍ മുത്തഖിയെയും മറ്റു താലിബാന്‍ നേതൃത്വത്തേയും സന്ദര്‍ശിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് എംബസി വീണ്ടും തുറന്നത്.

ഇന്ത്യ തങ്ങളുടെ ഉദ്യോഗസ്ഥരെ കാബൂളിലെ എംബസിയിലേക്ക് അയച്ചാല്‍ മതിയായ സുരക്ഷ നല്‍കുമെന്ന് യോഗത്തില്‍ താലിബാന്‍ ഇന്ത്യന്‍ സംഘത്തിന് ഉറപ്പ് നല്‍കിയിരുന്നു.

Tags:    

Similar News