പ്രാദേശികമായ തര്‍ക്കത്തിന്റെ പേരില്‍ രാജ്യത്തിന്റെ അടിത്തറ തോണ്ടുന്ന നിലപാടുകള്‍ സാമുദായിക നേതാക്കന്മാര്‍ സ്വീകരിക്കരുത്: മൂവാറ്റുപുഴ അഷ്റഫ് മൗലവി

Update: 2025-02-01 10:56 GMT
പ്രാദേശികമായ തര്‍ക്കത്തിന്റെ പേരില്‍ രാജ്യത്തിന്റെ അടിത്തറ തോണ്ടുന്ന നിലപാടുകള്‍ സാമുദായിക നേതാക്കന്മാര്‍ സ്വീകരിക്കരുത്: മൂവാറ്റുപുഴ അഷ്റഫ് മൗലവി

വൈപ്പിന്‍: പ്രാദേശികമായ തര്‍ക്കത്തിന്റെ പേരില്‍ രാജ്യത്തിന്റെ അടിത്തറ തോണ്ടുന്ന നിലപാടുകള്‍ സാമുദായിക നേതാക്കന്മാര്‍ സ്വീകരിക്കരുതെന്ന് എസ്ഡിപിഐ ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി ആവശ്യപ്പെട്ടു. മുനമ്പം വഖ്ഫ് ഭൂമി, നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ വഖ്ഫ്-മദ്രസ സംരക്ഷണ സമിതി എറണാകുളം ജില്ലാ കമ്മിറ്റി എടവനക്കാട് ചാത്തങ്ങാട് ബസാറില്‍ നടത്തിയ വഖ്ഫ് സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ആര്‍സി, സിഎഎ യെക്കാള്‍ വളരെ ഭീകരമായ നിയമമാണ് സംഘപരിവാര്‍ ചുട്ടെടുക്കുന്ന വഖഫ് ഭേദഗതി നിയമമെന്ന് അദ്ദേഹം പറഞ്ഞു. 25 കോടി മുസ്ലിങ്ങളുള്ള ഇന്ത്യാ മഹാരാജ്യത്ത് ആര്‍എസ്എസുകാരായ ഒരു മുസ്ലിം പേരുകാരെപ്പോലും സെന്‍ട്രല്‍ ക്യാബിനറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത മോദി സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് മതേതരമാവണമെന്ന് പറയുന്നതിലെ പൊള്ളത്തരം തിരിച്ചറിയണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ മാഞ്ഞാലി സുലൈമാന്‍ മൗലവി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വഖ്ഫ് സംരക്ഷണത്തിനായി കേരളത്തില്‍ നിയമപോരാട്ടം നടത്തുന്ന ടിഎം അബ്ദുല്‍സലാമിനും പറവൂര്‍ സുന്നജാനും സ്വീകരണം നല്‍കി ആദരിച്ചു. അബ്ദുല്‍ മജീദ് ഖാസിമി, ലുഖ്മാന്‍ വെളിയത്തുനാട്, വിഎം ഫൈസല്‍, അജ്മല്‍ കെ മുജീബ്, ഹുസൈന്‍ ബദ്രി കലൂര്‍, സലീം അല്‍ കൗസരി, ഷാനവാസ് ആലുവ, സുധീര്‍ ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags:    

Similar News