പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ടുള്ള മോദി സര്‍ക്കാരിന്റെ നീക്കങ്ങളെ അപലപിച്ച് സമുദായ നേതാക്കളുടെയും പണ്ഡിതന്‍മാരുടെയും യോഗം

Update: 2022-08-23 12:52 GMT

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ടുള്ള മോദി സര്‍ക്കാരിന്റെ നീക്കങ്ങളെ സമുദായ നേതാക്കളുടെയും പണ്ഡിതന്‍മാരുടെയും യോഗം അപലപിച്ചു. നൂറിലധികം മുസ്‌ലിം സമുദായ നേതാക്കളുടെയും പണ്ഡിതന്‍മാരുടെയും യോഗമാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും മറ്റ് സമുദായ നേതൃത്വത്തിലുള്ള സംഘടനകള്‍ക്കുമെതിരേ നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തുന്ന നീചമായ നിഗൂഢനീക്കങ്ങളെ അപലപിച്ചത്. അതേസമയം, രാജ്യത്തെ വലതുപക്ഷ വര്‍ഗീയതയുടെ വെല്ലുവിളികളെ നേരിടാന്‍ മുസ്‌ലിംകളും പൊതുസമൂഹവും തമ്മിലുള്ള ഐക്യം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും യോഗം ചൂണ്ടിക്കാട്ടി.

രാജ്യത്തെ അലട്ടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് നിരവധി പ്രമുഖ മുസ്‌ലിം പണ്ഡിതന്‍മാരും എന്‍ജിഒകളുടെ പ്രതിനിധികളും ദേശീയ തലസ്ഥാനത്ത് അഖിലേന്ത്യാ പ്രതിനിധി കണ്‍വന്‍ഷന്‍ (നുമൈന്ദ ഇജ്‌ലാസ് ഇ ഉമ്മത്) ചേര്‍ന്നത്. രാഷ്ട്രീയ എതിരാളികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മുസ്‌ലിം സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്കെതിരേ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന സര്‍ക്കാരിനെതിരേ യോഗം പ്രതിഷേധിച്ചു.

ദ്വിദിന കണ്‍വന്‍ഷന്റെ അവസാനത്തില്‍ മുസ്‌ലിം ഉലമാക്കളും സമുദായ നേതൃത്വത്തിലുള്ള സംഘടനകളും നേരിടുന്ന പീഡനത്തിലും ഭീഷണിയിലും ഉത്കണ്ഠ രേഖപ്പെടുത്തുന്ന പ്രമേയം യോഗം പാസാക്കി. മൗലാന കലിം സിദ്ദിഖിയുടെയും ഉമര്‍ ഗൗതമിന്റെയും അറസ്റ്റിനെക്കുറിച്ച് പ്രമേയത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. ഫണ്ട് ദുരുപയോഗം, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞവര്‍ഷം രണ്ട് ഉലമാക്കളെ അറസ്റ്റ് ചെയ്തിരുന്നു.

മുസ്‌ലിംകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും അപകീര്‍ത്തിപ്പെടുത്തുകയും പൈശാചികവല്‍ക്കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി വര്‍ഗീയപ്രചാരണങ്ങള്‍ നടത്തുക എന്നതാണ് നിലവിലെ മാധ്യമങ്ങളുടെ ഏക ലക്ഷ്യമെന്ന് പ്രഭാഷകരില്‍ ഒരാള്‍ പറഞ്ഞു. മുസ്‌ലിംകള്‍ ഇസ്ലാമിന്റെ മൂല്യങ്ങളും സാംസ്‌കാരിക സ്വത്വവും പൂര്‍ണ്ണമായും സംരക്ഷിക്കണമെന്നും നീതിക്കും സമാധാനത്തിനും വേണ്ടി പരിശ്രമിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്തു. നമ്മുടെ രാജ്യം വളരെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്.

ആന്തരികമായും ബാഹ്യമായും നാം ഗുരുതരമായ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്. രാജ്യത്തെ മുസ്‌ലിം സമുദായം പല തരത്തില്‍ ആക്രമിക്കപ്പെടുകയാണ്. വംശഹത്യയ്ക്കുള്ള ആഹ്വാനങ്ങള്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട സംഘടനകള്‍ നിര്‍ബാധം നടത്തുമ്പോള്‍ ഭരണകൂടം അവര്‍ക്കെതിരേ നിയമപരമായ ഒരു നീക്കവും നടത്താത്തതും, അവര്‍ക്ക് പ്രോല്‍സാഹനം നല്‍കുന്ന നിലപാട് സ്വീകരിക്കുന്നതും ലോകം മുഴുവന്‍ കാണുന്നുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.

Tags:    

Similar News