പോപുലര്‍ഫ്രണ്ട് വേട്ട: ശക്തമായി അപലപിച്ച് മുസ്‌ലിം സംഘടനകള്‍

വ്യാപകമായ അടിച്ചമര്‍ത്തലിന്റെ ഭാഗമായി സംഘടനയുടെ ദേശീയ അധ്യക്ഷന്‍ ഒഎംഎ സലാം ഉള്‍പ്പെടെ നൂറിലധികം ഭാരവാഹികളെയാണ് കേന്ദ്ര ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

Update: 2022-09-22 17:39 GMT
ന്യൂഡല്‍ഹി: 11 സംസ്ഥാനങ്ങളിലെ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) സംസ്ഥാന, ജില്ലാ തല ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) നടത്തിയ റെയ്ഡിനെ ശക്തമായി അപലപിച്ച് മുസ്‌ലിം സംഘടനകള്‍.

വ്യാപകമായ അടിച്ചമര്‍ത്തലിന്റെ ഭാഗമായി സംഘടനയുടെ ദേശീയ അധ്യക്ഷന്‍ ഒഎംഎ സലാം ഉള്‍പ്പെടെ നൂറിലധികം ഭാരവാഹികളെയാണ് കേന്ദ്ര ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഇന്ത്യയിലെ വിവിധ മുസ്‌ലിം സംഘടനകളുടെ ഫെഡറേഷനായ ആള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെമുശാവറ (എഐഎംഎംഎം) പ്രസിഡന്റ് നവീദ് ഹമീദ് രാജ്യവ്യാപകമായി പിഎഫ്‌ഐയുടെ ഓഫിസുകളില്‍ നടത്തിയ റെയ്ഡുകളെയും അതിന്റെ നേതാക്കളെ കള്ളക്കേസുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുന്നതിനെയും അപലപിച്ചു.

'രാജ്യത്തുടനീളമുള്ള പിഎഫ്‌ഐ ഓഫിസുകളില്‍ നടത്തിയ റെയ്ഡുകളും അതിന്റെ നേതാക്കളെ സാങ്കല്‍പ്പിക ആരോപണങ്ങളും അനുമാനങ്ങളും ചുമത്തി അറസ്റ്റുചെയ്യുന്നതും അങ്ങേയറ്റം അപലപനീയമാണ്. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ വ്യഗ്രതയാണ് ഇതിലൂടെ കാണിക്കുന്നത്. എല്ലാവരും ഒരേ സ്വരത്തില്‍ അതിനെ അപലപിക്കണം. കോടതിയില്‍ നിന്ന് സംഘടനയ്ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു'-നവീദ് പറഞ്ഞു.

എന്‍ഐഎയും ഇഡിയും പിഎഫ്‌ഐ നേതൃത്വത്തിനും ഓഫീസുകള്‍ക്കും നേരെ നടത്തിയ റെയ്ഡുകളിലും അടിച്ചമര്‍ത്തലുകളിലും ജമാഅത്തെ ഇസ്ലാമി ഹിന്ദ് (ജെഐഎച്ച്) പ്രസിഡന്റ് സയ്യിദ് സദത്തുള്ള ഹുസൈനി വാര്‍ത്താക്കുറിപ്പില്‍ അപലപിച്ചു. 'പ്രതിപക്ഷമോ ന്യൂനപക്ഷങ്ങളോ സമൂഹത്തിലെ ഏതെങ്കിലും സാമൂഹിക വിഭാഗത്തില്‍ പെട്ടവരോ എന്നത് പരിഗണിക്കാതെ അന്യായമായ രീതിയില്‍ ആളുകള്‍ ഉപദ്രവിക്കപ്പെടുന്ന ഇത്തരം റെയ്ഡുകളെയും പ്രവര്‍ത്തനങ്ങളെയും ജെഐഎച്ച് അപലപിക്കുന്നു.

തെളിവുകളും ന്യായീകരണവുമില്ലാതെ പക്ഷപാതപരമായി അവര്‍ക്കെതിരെ ഭരണകൂട ഏജന്‍സികള്‍ നിര്‍ബന്ധിത നടപടി സ്വീകരിക്കുകയാണെങ്കില്‍, അത് ഊര്‍ജ്ജസ്വലവും നീതിയുക്തവുമായ ഒരു സമൂഹത്തിന് ആരോഗ്യകരമല്ല. ജെഐഎച്ച് ഒരിക്കലും വിദ്വേഷവും അക്രമവും അംഗീകരിക്കുന്നില്ല, അതിനെ അസന്നിഗ്ദ്ധമായി അപലപിക്കുന്നു'-ഹുസൈനി കൂട്ടിച്ചേര്‍ത്തു.

'പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) അംഗങ്ങള്‍ക്ക് നേരെയുള്ള രാജ്യവ്യാപകമായ അടിച്ചമര്‍ത്തല്‍, വിയോജിപ്പുകളെ തടയാന്‍ അന്വേഷണ ഏജന്‍സികളുടെ അധികാരം സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണ്. അധികാര ദുര്‍വിനിയോഗത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ അവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ശ്രദ്ധിക്കുന്ന എല്ലാ പൗരന്മാരോടും തങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന് റെയ്ഡുകളോട് പ്രതികരിച്ച് സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്‌ഐഒ) പറഞ്ഞു.

ഉത്തര്‍പ്രദേശിലെ സഹരന്‍പൂര്‍ ആസ്ഥാനമായുള്ള മതസംഘടനയായ വഹ്ദത്തെ ഇസ്‌ലാമിയും റെയ്ഡുകളെ വിമര്‍ശിക്കുകയും 'സര്‍ക്കാരിന്റെ ഉദ്ദേശ്യം മുസ്ലീങ്ങള്‍ക്കിടയില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ഇത് വൃത്തികെട്ട നീക്കമാണെന്നും' കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ചിലര്‍ മുസ്ലീങ്ങള്‍ക്കിടയില്‍ ഉണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ വ്യാപക ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ തീവ്ര വിഭാഗീയത പ്രകടിപ്പിക്കുകയും

ആള്‍ക്കൂട്ട ആക്രമണവും പരമത വിദ്വേഷവും ജീവിതമായി കണക്കാക്കുകയും ചെയ്യുന്ന പാര്‍ട്ടികളെ കയറൂരി വിടുകയാണെന്നും സംഘടനയുടെ പ്രസിഡന്റ് മുഹമ്മദ് സിയാവുദ്ദീന്‍ സിദ്ദിഖി പറഞ്ഞു. 'സമാധാനത്തിനും നീതിക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്നവരെ ജയിലില്‍ അടച്ചിരിക്കുന്നു, എന്നാല്‍ നൂപുര്‍ ശര്‍മ്മയെയും നവീന്‍ കുമാര്‍ ജിന്‍ഡാലും പോലുള്ളവരെ അവരുടെ വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യുന്നില്ല'- അദ്ദേഹം പറഞ്ഞു. ഈ ഇരട്ടത്താപ്പ് രാജ്യത്തിന്റെ നിയമത്തെയും അതിന്റെ സംവിധാനത്തെയും പരിഹസിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ വികസനത്തില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ട ഫാസിസ്റ്റ് ഭരണകൂടം ഭരണത്തിലെ പരാജയം മറയ്ക്കാന്‍ രാജ്യത്തിന്റെ നിഴല്‍ ശത്രുവിനെ സൃഷ്ടിക്കുകയാണെന്ന് റെയ്ഡുകളെ വിമര്‍ശിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ)യുടെ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. 'എതിരാളികളെ ഭയപ്പെടുത്താനുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെ കൈയിലുള്ള രണ്ട് അടിമകളായ എന്‍ഐഎയും ഇഡിയുമാണ് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. നേതാക്കളുടെ വസതികളില്‍ രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകള്‍ അക്കാര്യം സ്ഥിരീകരിക്കുന്നു.വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണിത്.

രാജ്യത്തെ ഫാഷിസ്റ്റ് അതിക്രമങ്ങള്‍ക്കെതിരെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ നിശബ്ദരായപ്പോള്‍ ജനാധിപത്യവിരുദ്ധതയെ വെല്ലുവിളിക്കുന്നതില്‍ പ്രതിപക്ഷത്തിന്റെ പങ്ക് ഏറ്റെടുത്തത് പിഎഫ്‌ഐയും എസ്ഡിപിഐയുമാണ്.'-ഫൈസി പറഞ്ഞു.

Tags:    

Similar News