കോടതി ഉത്തരവ് അവഗണിച്ചു; ആന്ധ്രയില്‍ മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു മാസം തടവ്

Update: 2022-05-07 03:22 GMT

അമരാവതി: ആന്ധ്രയില്‍ കോടതി ഉത്തരവ് നടപ്പാക്കാതെ മനപ്പൂര്‍വം അവഗണിച്ച മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി തടവ്ശിക്ഷ വിധിച്ചു. ഒരു മാസം തടവും രണ്ടായിരം രൂപ പിഴയും ഒടുക്കാന്‍ കോടതി നിര്‍ദേശിച്ചു. കോടതി അലക്ഷ്യക്കേസിലാണ് നടപടി.

ജസ്റ്റിസ് ബി ദേവാനന്ദാണ് സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറി(കാര്‍ഷികം) പൂനം മലകൊണ്ടയ്യ, സ്‌പെഷ്യല്‍ കമ്മീഷണര്‍(കാര്‍ഷികം)എച്ച് അരുണ്‍ കുമാര്‍, കര്‍ണൂര്‍ ജില്ലാ കലക്ടര്‍ ജി വീരപാണ്ഡ്യന്‍ എന്നിവര്‍ക്ക് കോടതിയുടെ ഉത്തരവ് ലംഘിച്ചതിന് തടവ് വിധിച്ചത്.

വില്ലേജ് അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റായി ഒരു ഉദ്യോഗാര്‍ത്ഥിയെ നിയമിക്കാന്‍ 2019ല്‍ കോടതി നിര്‍ദേശിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കാനായിരുന്നു ഉത്തരവ്.

അത് നടപ്പാക്കാതായതോടെ പരാതിക്കാരന്‍ കോടതി അലക്ഷ്യം ഫയല്‍ ചെയ്തു. 2020 നവംബറില്‍ ഉദ്യോഗാര്‍ത്ഥി അയോഗ്യനാണെന്ന് ഉദ്യോഗസ്ഥര്‍ നോട്ട് എഴുതി നിയമനം ഒഴിവാക്കി. കോടതി അലക്ഷ്യനടപടി തുടങ്ങിയശേഷമായിരുന്നു തന്നെ അയോഗ്യനാക്കിയതെന്ന ഉദ്യോഗാര്‍ത്ഥിയുടെ വാദം അംഗീകരിച്ച കോടതി ഉദ്യോഗസ്ഥരെ കുറ്റക്കാരായി വിധിച്ചു. തുടര്‍ന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് തടവ്ശിക്ഷ വിധിച്ചത്.

ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥന പ്രകാരം ശിക്ഷ നടപ്പാക്കുന്നത് ആറ് ആഴ്ച മാറ്റിവച്ചിരിക്കുകയാണ്.

Tags:    

Similar News