ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 1.63 കോടി പേരെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം.
ബുധനാഴ്ച രാത്രി ഏഴ് മണിവരെയുള്ള കണക്കനുസരിച്ച് ഇതുവരെ രാജ്യത്ത് 1,63,14,485 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.
ഇതില്‍ 67,75,619 പേര്‍ ആദ്യ ഡോസ് സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരാണ്. 28,24,311 ആരോഗ്യപ്രവര്‍ത്തകര്‍ രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. മുന്‍നിരപ്രവര്‍ത്തകരില്‍ 57,62,131 പേര്‍ ആദ്യ ഡോസും 3,277 പേര്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. 8,44,884 പേര്‍ അറുപത് വയസ്സിനു മുകളിലുള്ളവരാണ്. 1,04,263 പേര്‍ മറ്റ് അസുഖങ്ങളുള്ള 45 വയസ്സിനു മുകളിലുള്ളവരാണ്.
കൊവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങി 47ാം ദിവസമായ ഇന്ന് മാത്രം 6,92,889 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. അതില്‍ 5,79,366 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചവരാണ്. 1,13,525 പേര്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവരും.
ജനുവരി 16നാണ് രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. രണ്ടാം ഘട്ട വാക്‌സിനേഷന്‍ മാര്‍ച്ച് 1ന് ആരംഭിച്ചു. ഈ ഘട്ടത്തില്‍ 60 വയസ്സിനു മുകളിലുള്ളവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ള 45 വയസ്സോ അതിനു മുകളിലോ ഉള്ളവര്‍ക്കുമാണ് നല്‍കുക.