മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ഹരജി: തല്‍ക്കാലം ഇടപെടില്ലെന്ന് ബോംബെ ഹൈക്കോടതി

Update: 2020-09-25 12:30 GMT

മുംബൈ: ആരാധനാലയങ്ങള്‍ ചുരുങ്ങിയ രീതിയിലാണെങ്കിലും തുറന്നുപ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ഹരജിയില്‍ തല്‍ക്കാലം വിധി പുറപ്പെടുവിക്കുന്നില്ലെന്ന് നിലപാടെടുത്ത് ബോംബെ ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ദീപാശങ്കര്‍ ദത്ത, ജസ്റ്റിസ് ജി എസ് കുല്‍ക്കര്‍ണി തുടങ്ങിയവരാണ് ആരാധനാലയങ്ങള്‍ തുറക്കുന്നതിനുള്ള നിര്‍ദേശം മഹാരാഷ്ട്ര സര്‍ക്കാരിന് നല്‍കണമെന്ന ഹരജിയില്‍ തല്‍ക്കാലം ഉത്തരവ് പുറപ്പെടുവിക്കാന്‍ മടിച്ചത്. അസോസിയേഷന്‍ ഫോര്‍ എയ്ഡിങ് ജസ്റ്റിസ് ആണ് പൊതുതാല്‍പ്പര്യ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതു സംബന്ധിച്ച വിവേചനാധികാരം സംസ്ഥാന സര്‍ക്കാരിനു തന്നെ നല്‍കുകയാണെന്ന് ഉത്തരവില്‍ വ്യക്തമാക്കി. സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് സര്‍ക്കാരിന് ഭാവി കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അവകാശമുണ്ട്. ഹരജി രണ്ട് മാസത്തിനു ശേഷം വീണ്ടും പരിഗണിക്കും.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും ആദ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ദേശീയ തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും മുമ്പുതന്നെ സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനം അടച്ചിട്ടു. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളള സംസ്ഥാനവും മഹാരാഷ്ട്രയാണ്.

Tags:    

Similar News