മലപ്പുറം ജില്ലയില്‍ 126 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; 44 പേര്‍ക്ക് വിദഗ്ധ ചികില്‍സക്കു ശേഷം രോഗമുക്തി
മലപ്പുറം: മലപ്പുറം ജില്ലയില്‍ 126 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ഇവരില്‍ 117 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 11 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിവരുകയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 106 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന അഞ്ച് പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്നലെ 44 പേര് ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികില്‍സക്കു ശേഷം ഇതുവരെ 1,412 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗബാധിതരായി ഇതുവരെ 13 പേര് മരണമഞ്ഞു. ഇവരെ കൂടാതെ ഒരാള്‍ രോഗം ഭേദമായി ആശുപത്രിയില്‍ തുടര്‍ നിരീക്ഷണത്തിലിരിക്കെ നേരത്തെ മരിച്ചിരുന്നു.
ജില്ലയില്‍ ഇപ്പോള്‍ 32,657 പേരാണ് കൊവിഡ് നിരീക്ഷണത്തിലുള്ളത്. 857 പേര് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 496 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 11 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ച് പേരും കാളികാവ് പ്രത്യേക ചികില്‍സാ കേന്ദ്രത്തില്‍ 75 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികില്‍സാ കേന്ദ്രത്തില്‍ 48 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 63 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികില്‍സാ കേന്ദ്രത്തില്‍ 156 പേരുമാണ് ചികില്‍സയില്‍ കഴിയുന്നത്. 30,470 പേര് വീടുകളിലും 1,330 പേര് കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
ജില്ലയില്‍ നിന്ന് ഇതുവരെ ആര്.ടി.പി.സി.ആര്, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 66,793 പേരുടെ സാംപിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 65,032 പേരുടെ ഫലം ലഭ്യമായി. ഇതില്‍ 59,565 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 1,701 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.