മലപ്പുറം ജില്ലയില്‍ 379 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ഇന്ന് 373 പേര്‍ക്ക് രോഗമുക്തി
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 29) 379 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 317 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. 33 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് കൊവിഡ് 19 ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 10 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം 373 പേര്‍ വിദഗ്ധ ചികില്‍സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 6,045 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
രോഗബാധിതര്‍ വര്‍ധിക്കുന്നതിനൊപ്പം കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നത് ആശ്വാസകരമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വൈറസ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കൃത്യമായ ആസൂത്രണത്തോടെയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും മുന്നോട്ട് പോകുന്നത്. ഇതര സര്‍ക്കാര്‍ വകുപ്പുകളുമായും പൊതുജനങ്ങളുമായും ചേര്‍ന്ന് നടത്തുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതയിലെത്തിക്കാന്‍ ജനപങ്കാളിത്തവും ആരോഗ്യ ജാഗ്രതയും അനിവാര്യമാണെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
46,195 പേര്‍ നിരീക്ഷണത്തില്‍
46,195 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതര ജില്ലക്കാരുള്‍പ്പെടെ 2,882 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 2,503 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 340 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,630 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ ജില്ലയില്‍ ഇതുവരെ പരിശോധനക്കയച്ച 91,172 സാമ്പിളുകളില്‍ 1,250 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.