കൊവിഡ് 19: ഇസ്രായേല്‍ വികസിപ്പിച്ചെടുത്ത അത്യാധുനിക ഉപകരണങ്ങള്‍ ഡല്‍ഹി എയിംസിന് കൈമാറി

Update: 2020-08-11 18:31 GMT

ന്യൂഡല്‍ഹി: ഇസ്രായേല്‍ വികസിപ്പിച്ചെടുത്ത കൊവിഡ് നിയന്ത്രണ ഉപകരണങ്ങള്‍ ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് കൈമാറി. ഇന്തോ-ഇസ്രായേല്‍ സഹകരണപദ്ധതിയുടെ ഭാഗമാണ് ഈ ഉപകണ കൈമാറ്റം.

ഇസ്രായേല്‍ അംബാസിഡര്‍ ഡോ. റോന്‍ മല്‍ക്കയാണ് ഔദ്യോഗികമായി ഉപകരണങ്ങള്‍ എയിംസ് ഡയറക്ടര്‍ ഡോ. രന്‍ദീപ് ഗുലേറിയയ്ക്ക് കൈമാറിയത്. ചടങ്ങില്‍ വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ മുഖ്യ അതിഥിയായിരുന്നു.

കൃത്രിമബുദ്ധി സാങ്കേതികവിദ്യയിലൂന്നി വീഡിയോ, ശബ്ദ വിവരങ്ങള്‍ എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ടും ഏത് ചെറിയ സ്മാര്‍ട്ട് ഫോണിലും ഉപയോഗിക്കാവുന്ന ആപ്പും ഉള്‍പ്പെടുന്നതാണ് സാങ്കേതികവിദ്യ. ഇതുപയോഗിച്ച് രോഗിയുമായി നേരിട്ട് ഇടപെടാതെ കൊവിഡ് രോഗിയുടെ ഹൃദയമിടിപ്പ് പോലുള്ള വിവരങ്ങള്‍ എടുക്കാന്‍ കഴിയും. ആശുപത്രി ജീവനക്കാര്‍ക്ക് രോഗിയെ സ്പര്‍ശിക്കാതെ തന്നെ വിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. ശ്വാസസംബന്ധമായ പ്രശ്‌നങ്ങളും ഉപകരണം രേഖപ്പെടുത്തും.

ഇതിലുപയോഗിച്ചിരിക്കുന്ന വസ്തു 12 മണിക്കൂര്‍ നേരത്തേക്ക് പുതിയ വൈറസിന്റെ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കും.

ഇന്ത്യ-ഇസ്രായേല്‍ ബന്ധം ശക്തമാണെന്നും അതിന്റെ ഭാഗമായാണ് ഇത്തരം ഉയര്‍ന്ന സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറിയതെന്നും എയിംസ് ഡയറക്ടര്‍ ഡോ. രന്‍ദീപ് പറഞ്ഞു.

കൊവിഡിനു വേണ്ടി മാത്രം ഉല്പാദിപ്പിച്ചിട്ടുളള പ്രത്യേക ഉപകരണങ്ങളാണ് ഇതെന്ന് ഇസ്രായേലി അംബാസിഡര്‍ അറിയിച്ചു. ചില ഉപകരണങ്ങള്‍ ഇസ്രായേലി കമ്പനികള്‍ നിര്‍മിച്ചവയാണ്. അവര്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു അതുകൊണ്ടാണ് ഇന്ത്യയ്ക്കുവേണ്ടി അവ കൈമാറിയത്. വിദേശകാര്യമന്ത്രാലയത്തിലെ പ്രത്യേക ഫണ്ട് ഉപയോഗിച്ചാണ് ഇത് വാങ്ങിയത്- അംബാസിഡര്‍ പറഞ്ഞു. ഇതുവഴി ഇന്ത്യയ്ക്ക് കൊവിഡ് വൈറസിനെ ഫലപ്രദമായി കൈകാര്യം ചെയ്യാനാവുമെന്ന് അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു.  

Tags:    

Similar News