കൊവിഡ് 19: ഓരോ മൂന്നു മിനിട്ടിലും മഹാരാഷ്ട്രയില്‍ മരിക്കുന്നത് ഒരാള്‍ വീതം
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് ഓരോ മൂന്നു മിനിട്ടിലും മരിക്കുന്നത് ഒരാള്‍ വീതമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതിയ കണക്കനുസരിച്ച് ഓരോ മണിക്കൂറിലും 2,000ത്തോളം പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നത്. രണ്ടാം തരംഗത്തിലും ഏറ്റവും തീവ്രമായി കൊവിഡ് ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ആദ്യ തരംഗത്തിലും മഹാരാഷ്ട്രയായിരുന്നു കൊവിഡ് വ്യാപനത്തില്‍ മുന്നില്‍.
ഞായറാഴ്ച മാത്രം സംസ്ഥാനത്ത് 68,631 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ കൊവിഡ് തരംഗത്തേക്കാള്‍ വേഗത്തിലാണ് ഇത്തവണ കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഞായറാഴ്ചയോടെ സംസ്ഥാനത്ത് 38,39,338 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം മാത്രം 503 പേര്‍ മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 60,000 കടന്നു. നിലവില്‍ 60,473 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. മുംബൈയില്‍ മാത്രം കഴിഞ്ഞ ദിവസം 8,468 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 53 പേര്‍ മരിക്കുകയും ചെയ്തു. മുംബൈയില്‍ ഇതുവരെ 12,354 പേര്‍ മരിച്ചു.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പല നഗരങ്ങളിലും രാത്രി കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.