കൊവിഡ് 19: ഡല്‍ഹിയില്‍ രോഗമുക്തി നിരക്ക് മെച്ചപ്പെട്ടു; വ്യാപനമേഖല കൂടുന്നു

Update: 2020-07-11 16:21 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രോഗമുക്തി നിരക്ക് മെച്ചപ്പെടുമ്പോഴും രോഗം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നതായി റിപോര്‍ട്ട്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ നല്‍കുന്ന സൂചനയാണ് ഇത്.

ശനിയാഴ്ചത്തെ കണക്കനുസരിച്ച് സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 79 ശതമാനമാണ്. അഖിലേന്ത്യാ തലത്തില്‍ ഇത് 62.7 ശതമാനമാണ്. അതേസമയം കണ്ടെയ്ന്‍മെന്റ് സോണിന്റെ കാര്യത്തില്‍ ഡല്‍ഹിയില്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാല് ദിവസം കൊണ്ട് 458 ല്‍ നിന്ന് സോണുകളുടെ എണ്ണം 639 ആയി മാറി. കൂടുതല്‍ മേഖലയിലേക്ക് രോഗവ്യാപനം നടക്കുന്നുവെന്നാണ് ഇത് നല്‍കുന്ന സൂചന.

ഡല്‍ഹിയില്‍ 1,781 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 1,10,921 ആയി. ഡല്‍ഹിയില്‍ 87,692 പേരാണ് രോഗമുക്തരായിട്ടുളളത്.

ഇന്നുമാത്രം 2,988 പേരുടെ രോഗം ഭേദമായിട്ടുണ്ട്, 34 പേര്‍ വിവിധ ആശുപത്രികളില്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത്

നിലവില്‍ 19,895 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്. ഇതുവരെ മരിച്ചവരുടെ എണ്ണം 3,334 ആയി.

24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 21,508 പേരെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്ത്യയിലെ ആദ്യ രോഗബാധ സ്ഥിരീകരിച്ച ശേഷം സംസ്ഥാനത്ത് ഇതുവരെ 7,68,617 പരിശോധനകള്‍ നടത്തി. 

Tags:    

Similar News