കൊവിഡ്19: റിയാദില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ന് വൈകീട്ട് 7.50 ന് കരിപ്പൂരില്‍
റിയാദ്: ലോക്ക് ഡൗണില്‍ വിദേശങ്ങളില്‍ കുടുങ്ങിയ കേരളീയരെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക വിമാനം ഇന്ന് കരിപ്പൂല്‍ വിമാനത്താവളത്തില്‍ എത്തും. ഇന്ന് വൈകീട്ട് 7.50നാണ് വിമാനം കരിപ്പൂരില്‍ എത്തുക.
റിയാദില്‍ നിന്നുള്ള സംഘത്തില്‍ 149 യാത്രക്കാരാണ് ഉള്ളത്. വിമാനത്താവളത്തില്‍ പ്രവാസികളെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
യാത്രക്കാരെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി ചെറു സംഘങ്ങളായാണ് പുറത്തിറക്കുക. എയ്‌റോ ബ്രിഡ്ജില്‍വച്ച് യാത്രക്കാരെ തെര്‍മല്‍ പരിശോധനക്ക് വിധേയരാക്കും. വിവര ശേഖരണത്തിനു ശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കും. ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റും. ഗര്‍ഭിണികള്‍, കുട്ടികള്‍, 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍, തുടര്‍ ചികില്‍സയ്‌ക്കെത്തുന്നവര്‍ തുടങ്ങി പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ളവരെ വീട്ടിലേക്ക് അയക്കും. മറ്റുള്ളവരെ കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിന് വിധേയരാക്കും.
പ്രവാസികളുമായുള്ള ആദ്യ വിമാനം ഇന്നലെയാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്.