കൊവിഡ് 19: ഓക്‌സഫഡ് വാക്‌സിനില്‍ പിഴവെന്ന് സംശയം
പരീക്ഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള സംശയം ഉയര്‍ന്നുവരുന്നത് വാക്സിന്റെ വിശ്വാസ്യതയെത്തന്നെ നശിപ്പിക്കുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
ലണ്ടന്‍: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിനില്‍ പിഴവ് സംഭവിച്ചതായി സംശയം.ഇതോടെ പരീക്ഷണ ഫലം സംബന്ധിച്ച് സംശയമുയരുകയാണ്. ആസ്ട്ര സനേകയുമായി ചേര്‍ന്ന് നിര്‍മിച്ച വാക്സിന്‍ 90 ശതമാനം വരെ ഫലപ്രദമാണെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്.
ഒരുമാസത്തം ഇടവിട്ട് ആദ്യം പകുതി ഡോസും പിന്നീട് ബാക്കി പകുതിയും നല്‍കിയുള്ള പരീക്ഷണം 90 ശതമാനം ഫലപ്രദമായിരുന്നെന്നായിരുന്നു കമ്പനി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ രണ്ടു ഡോസുകളില്‍ പരീക്ഷണം നടത്തിയത് സംശയം ഉയര്‍ത്തിയിരുന്നു. പകുതി ഡോസ് നല്‍കിയത് വാക്സിന്‍ നിര്‍മാണത്തില്‍ ഡോസേജിലുണ്ടായ പിഴവ് മൂലമാണെന്ന് അമേരിക്കയിലെ വാക്സിന്‍ പ്രോഗ്രാം 'ഓപ്പറേഷന്‍ വാര്‍പ് സ്പീഡ്' പറയുന്നു. മാത്രമല്ല, കൂടിയ ശതമാനം ഫലപ്രാപ്തി കണ്ടെത്തിയത് യുവാക്കളില്‍ നടത്തിയ പരീക്ഷണത്തിലാണെന്നും ഇവര്‍ വ്യക്തമാക്കി. ആസ്ട്ര സനേകയും പിഴവുണ്ടായതായി സമ്മതിച്ചു.
പരീക്ഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള സംശയം ഉയര്‍ന്നുവരുന്നത് വാക്സിന്റെ വിശ്വാസ്യതയെത്തന്നെ നശിപ്പിക്കുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. വിശദമായ വിലയിരുത്തലുകള്‍ ഓക്സ്ഫഡ് വാക്സിന്റെ കാര്യത്തില്‍ ആവശ്യമാണെന്നും അവര്‍ പറയുന്നു.
യു.എസ്. കമ്പനിയായ മോഡേണയുടെ വാക്സിന്‍ 94.5 ശതമാനവും ഫൈസര്‍ 95 ശതമാനവും ഫലപ്രദമാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. റഷ്യയുടെ സ്പുട്നിക്-5 വാക്സിന്റെ ഫലപ്രാപ്തി 90 ശതമാനമാണ്.