കൊവിഡ് വാക്‌സിന്റെ പാര്‍ശ്വഫലം മൂലം മരിച്ചതായി ഹരജി; നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: കൊവിഡ് വാക്‌സിന്റെ പാര്‍ശ്വഫലം മൂലം മരണം സംഭവിക്കുന്നതായി സംശയിക്കുന്നതായി ഹൈക്കോടതി. മരിച്ചവരെ തിരിച്ചറിയാനും നഷ്ടപരിഹാരത്തിനും മാര്‍ഗനിര്‍ദേശം വേണമെന്നും കോടതി നിര്‍ദേശിച്ചു. കൊവിഡ് വാക്‌സിനേഷന്റെ പാര്‍ശ്വഫലത്തെതുടര്‍ന്ന് ഭര്‍ത്താവ് മരിച്ചതിനാല്‍ നഷ്ടപരിഹാരം തേടി എറണാകുളം സ്വദേശി കെ എ സയീദ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നിരീക്ഷണം.
കൊവിഡ് വാക്‌സിന്റെ പാര്‍ശ്വഫലം മൂലം മരണം സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും ദേശീയ ദുരന്തനിവാരണ അതോറിറ്റിക്കും ബാധ്യതയുണ്ടെന്നാണ് കോടതിയുടെ ഉത്തരവ്.
മരണങ്ങള്‍ സ്ഥിരീകരിക്കാന്‍ ദേശീയദുരന്ത നിവാരണ അതോറിറ്റി മൂന്നു മാസത്തിനകം മാര്‍ഗനിര്‍ദേശം രൂപീകരിക്കാനാണ് ജസ്റ്റിസ്. വി.ജി അരുണിന്റെ നിര്‍ദേശം. വാക്‌സിനെടുത്തതിനെ തുടര്‍ന്നുള്ള മരണങ്ങളില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഇതുവരെ നയപരമായ തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സമാന ആവശ്യവുമായി മൂന്ന് കേസുകള്‍ ഇതിനകം ഇതേ ബെഞ്ചില്‍ വന്നതായി ജസ്റ്റിസ് വി.ജി അരുണ്‍ ചൂണ്ടിക്കാട്ടി. എണ്ണത്തില്‍ കുറവാണെങ്കിലും വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്നാണ് മരണമെന്ന് സംശയിക്കുന്ന കേസുകള്‍ സംഭവിക്കുന്നുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചത്.