കൊവിഷീല്‍ഡിനു പിന്നാലെ കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠന റിപോര്‍ട്ട്

Update: 2024-05-16 16:34 GMT

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠന റിപോര്‍ട്ട്. ഭാരത്ബയോടെക്‌സ് പുറത്തിറക്കിയ കൊവാക്‌സിന്‍ സ്വീകരിച്ച മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായതായാണ് ബനാറസ് ഹിന്ദു സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നത്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ഇങ്ക് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. നേരത്തേ കൊവിഷീല്‍ഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളേക്കുറിച്ച് നിര്‍മാതാക്കളായ ആസ്ട്രസെനക്ക തുറന്നുപറയുകയും ആഗോളവിപണിയില്‍നിന്ന് വാക്‌സിന്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൊവാക്‌സിനും പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നുവെന്ന സുപ്രധാന വിവരം പുറത്തുവരുന്നത്. ഇതോടെ, കൊവിഡ് മഹാമാരിയില്‍ വാക്‌സിന്‍ സ്വീകരിച്ചവരെല്ലാം ആശങ്കയിലാണ്.

    926 പേരെ ഒരുവര്‍ഷത്തോളം നിരീക്ഷിച്ച് ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയതെന്നാണ് ജേണലില്‍ പറയുന്നത്. ഇവരില്‍ 50 ശതമാനത്തിനും അണുബാധ ഉണ്ടായെന്നും പ്രത്യേകിച്ച് ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധയാണ് ഉണ്ടായതെന്നും കണ്ടെത്തിയിട്ടുണ്ട്. ശ്വാസകോശ അണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ എന്നിവയാണ് റിപോര്‍ട്ട് ചെയ്തത്. നാലുപേരുടെ മരണത്തെ കുറിച്ചും റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. കൊവാക്‌സിന്‍ സ്വീകരിച്ചവരില്‍ ആര്‍ത്തവ സംബന്ധമായ തകരാറുകള്‍, ഹൈപോ തൈറോയ്ഡിസം, പക്ഷാഘാതം, ഗീലന്‍ ബാര്‍ സിന്‍ഡ്രോം തുടങ്ങിയവ റിപോര്‍ട്ട് ചെയ്തതായി പഠനത്തില്‍ പറയുന്നു. അനുബന്ധ രോഗങ്ങള്‍ ഉണ്ടായിരുന്നവരിലാണ് പാര്‍ശ്വഫലങ്ങള്‍ കൂടുതല്‍ കണ്ടെത്തിയത്. അതിനാല്‍ തന്നെ വിഷയത്തില്‍ കൂടുതല്‍ സമഗ്രമായ പഠനം നടത്തേണ്ടത് അനിവാര്യമാണെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.

    കൊവിഷീല്‍ഡ് നിര്‍മാതാക്കള്‍ യുകെ കോടതിയില്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കാമെന്ന സമ്മതിക്കുകയും വാക്‌സിന്‍ പിന്‍വലിക്കുകയും ചെയ്തതിനു പിന്നാലെ കൊവാക്‌സിന് പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ഭാരത് ബയോടെക് രംഗത്തെത്തിയിരുന്നു. സുരക്ഷിതത്വത്തിന് പ്രഥമ പരിഗണന നല്‍കിയാണ് വാക്‌സിന്‍ വികസിപ്പിച്ചതെന്നും ഇന്ത്യന്‍ സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പദ്ധതികളുടെ ഭാഗമായി ഫലപ്രാപ്തി പരിശോധനകളും പരീക്ഷണങ്ങളും നടത്തിയ ഏക വാക്‌സിന്‍ കൊവാക്‌സിനാണെന്നുമായിരുന്നു കമ്പനിയുടെ അവകാശവാദം. കൊവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയില്‍ നല്‍കിവന്നിരുന്ന വാക്‌സിനുകളാണ് കൊവിഷീല്‍ഡും കൊവാക്‌സിനും. കൊവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വസാഹചര്യങ്ങളില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലേറ്റ് കൗണ്ട് കുറയാനും കാരണമായേക്കാമെന്നാണ് നിര്‍മാതാക്കളായ ആസ്ട്രസെനെക്ക യുകെ കോടതിയില്‍ സമ്മതിച്ചത്. ടിടിഎസ് അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോമിന് കാരണമാവാമെന്നും കമ്പനി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വാക്‌സിന്‍ ആഗോളതലത്തില്‍ തന്നെ പിന്‍വലിച്ചത്. ഇതിനിടെ, ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഒഴിവാക്കിയിരുന്നു.

Tags:    

Similar News