കൊവാക്‌സിന്‍ തന്നെ കുത്തിവെക്കുന്നു എന്ന് ഉറപ്പാക്കണം'; മുന്നറിയിപ്പുമായി ഭാരത് ബയോടെക്

Update: 2022-01-19 01:53 GMT

ന്യൂഡല്‍ഹി: 15 നും 17 നും ഇടയില്‍ പ്രായം ഉള്ളവര്‍ക്ക് കൊവാക്‌സിന്‍ തന്നെ കുത്തിവെക്കുന്നു എന്ന് ഉറപ്പാക്കണം എന്ന് ഭാരത് ബയോടെക് മുന്നറിയിപ്പ് നല്‍കി. മറ്റ് വാക്‌സിനുകള്‍ കുത്തി വെക്കുന്നതായി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ആണ് മുന്നറിയിപ്പ്. മൂന്നര കോടിയിലധികം കൗമാരക്കാരാണ് ഇതുവരെ ആദ്യ ഡോസ് കുത്തിവെപ്പെടുത്തത്.

നിലവില്‍ രണ്ട് ലക്ഷത്തില്‍ അധികമാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍. എന്നാല്‍ രണ്ടാം തരംഗത്തിലെ അത്ര രൂക്ഷമായ സാഹചര്യം ഇതുവരെയില്ല. കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു ഇതിനു മുമ്പ് പ്രതിദിന കേസുകള്‍ രണ്ട് ലക്ഷം പിന്നിട്ടത്.

രണ്ടാം തരംഗത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷമായപ്പോള്‍ മരണം ആയിരം കടന്നിരുന്നു. നിലവില്‍ കേസുകള്‍ രണ്ട് ലക്ഷം പിന്നിട്ടെങ്കിലും മരണം നാനൂറിനും താഴെയാണ്. ഇപ്പോഴത്തെ തരംഗത്തിന് കാരണമാക്കിയ ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റയുടെ അത്ര അപകടകാരിയല്ലാത്തതും മരണം കുറയാനുള്ള ഒരു കാരണമാണ്.

രോഗികളുടെ എണ്ണം കുറയുമ്പോഴും ഡല്‍ഹിയടക്കം പല സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് തന്നെ തുടരുന്നതാണ് നിലവില്‍ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി. പരിശോധനയില്‍ വിമുഖത കാണിക്കുന്നതാണ് പലയിടങ്ങളിലും രോഗികള്‍ കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ പരിശോധന കൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധന കൂട്ടാന്‍ വീട്ടില്‍ പരിശോധിക്കാവുന്ന തരം കിറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമം. വീട്ടില്‍ പരിശോധിക്കുന്നവര്‍ ഈ വിവരം ഐസിഎംആറില്‍ രേഖപ്പെടുത്തണമെന്ന് നിര്‍ദേശമുണ്ടെങ്കിലും ഇത് പൂര്‍ണമായി നടപ്പിലാകാത്തതും കൊവിഡ് കണക്ക് കുറയാനിടയാക്കുന്നു.

Tags:    

Similar News