കൊവിഡ് 19 : ചികില്‍സാ മേഖല പ്രതീക്ഷയില്‍

കോവിഡ് 19 ന്റെ ചികിത്സയില്‍ ഫലപ്രദമെന്നും കരുതുന്ന ആന്റി ബോഡി തെറാപ്പി മനുഷ്യരില്‍ പരീക്ഷണം തുടങ്ങിയതും പ്രതീക്ഷക്ക് വക നല്‍കുന്നു.

Update: 2020-06-03 16:42 GMT

കോഴിക്കോട്:കോവിഡ് 19നെ പ്രതിരോധിക്കാനുള്ള മരുന്നുകള്‍ക്കു വേണ്ടി വൈദ്യശാസ്ത്ര മേഖല നടത്തുന്ന കഠിനാധ്വാനം ഫലപ്രാപ്തിയിലെത്തുന്നതിന്റെ സൂചനകള്‍ ലഭിച്ചുതുടങ്ങി. കൊവിഡ് ചികിത്സയില്‍ ഏറെ ഫലപ്രദമാവുമെന്നു കരുതുന്ന റെംഡെസിവിര്‍ എന്ന മരുന്നിന്റെ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചു. ഈ മരുന്ന് അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിരുന്നു. ഇന്ത്യ , കൊറിയ ജപ്പാന്‍ എന്നീ രാജ്യങ്ങളും ഈ മരുന്ന് അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാമെന്നു വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് 19 ന്റെ ചികിത്സയില്‍ ഫലപ്രദമെന്നും കരുതുന്ന ആന്റി ബോഡി തെറാപ്പി മനുഷ്യരില്‍ പരീക്ഷണം തുടങ്ങിയതും പ്രതീക്ഷക്ക് വക നല്‍കുന്നു. യുഎസിലെ ഇന്ത്യാനോപാളിസിലുള്ള ഏലി ലില്ലി ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ഇത് പരീക്ഷിക്കുന്നത്. ചികിത്സാരീതി സുരക്ഷിതമാണോ എന്നതിന്റെ പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ജൂണ്‍ അവസാനത്തോടെ ഫലം വരുമെന്നാണ് പ്രതീക്ഷ.

കാനഡ ആസ്ഥാനമായ അബ്‌സെല്ലറ എന്ന ബയോടെക്‌നോളജി കമ്പനിയുമായി ചേര്‍ന്ന രൂപം നല്‍കിയ ആന്റി ബോഡി ചികിത്സാ രീതിയില്‍ കോവിഡ് 19ല്‍നിന്നും മുക്തി നേടുന്നവരുടെ ആന്റി ബോഡികളാണ് ഉപയോഗിക്കുന്നത്. എച്ച്‌ഐവി, ആസ്മ, ലൂപ്പസ്, എബോള, ചിലയിനം കാന്‍സറുകള്‍ തുടങ്ങിയവക്ക് നിലവില്‍ മോണോക്ലോണല്‍ ആന്റി ബോഡി തെറാപ്പി ഉപയോഗിക്കുന്നുണ്ട്. ഇത് ഫലപ്രദവുമാണ്. ഈ വര്‍ഷം അവസാനത്തോടെ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള മരുന്നുകളും വാക്‌സിനുകളും ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്നാണ് ലോകത്ത് വിവിധ രാജ്യങ്ങളിലായി പുരോഗമിക്കുന്ന മരുന്ന് പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത്.


Tags:    

Similar News