പരിശോധന കുറഞ്ഞു;ഡല്‍ഹിയില്‍ രണ്ടാഴ്ചക്കുള്ളില്‍ കൊവിഡ് കേസുകള്‍ ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ്

നിലവിലെ കൊവിഡ് വ്യാപനം നാലാംതരംഗമല്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്

Update: 2022-05-06 06:29 GMT

ന്യൂഡല്‍ഹി:രണ്ടാഴ്ചക്കുള്ളില്‍ ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ഇരട്ടിയാകുമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.രോഗ ലക്ഷണമുള്ളവരെ മാത്രം പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ് നിലവില്‍ കേസുകള്‍ കുറഞ്ഞ് നില്‍ക്കുന്നതിന്റെ കാരണമെന്നും പരിശോധന വര്‍ധിപ്പിച്ചാല്‍ കേസുകള്‍ ഇനിയും ഉയരുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.കൊവിഡ് പോസിറ്റീവായ രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരെയും പരിശോധിക്കണമെന്നാണ് വിദഗ്ധര്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം.

രോഗലക്ഷണമില്ലാത്തവരെയും പരിശോധനക്ക് വിധേയമാക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.ലക്ഷണമില്ലാത്ത നിരവധി രോഗികള്‍ സംസ്ഥാനത്തുണ്ടാകാം. അവരില്‍ നിന്നും നിരവധി പേര്‍ക്ക് രോഗം പടരാനുള്ള സാധ്യതയുള്ളതിനാല്‍ വരും ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ തരംഗങ്ങളിലേത് പോലെ കേസുകള്‍ കുത്തനെ ഉയര്‍ന്നതിന് ശേഷം പിന്നീട് കുറവുണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മൂന്നാഴ്ചയായി ആയിരത്തിന് മുകളിലാണ് ഡല്‍ഹിയിലെ കൊവിഡ് കേസുകള്‍. ഒമിക്രോണിന്റെ പുതിയ വകഭേദമാണ് ഡല്‍ഹിയില്‍ വ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ചെറിയ രോഗലക്ഷണം മാത്രമുള്ള ഇവ അപകടകാരികളല്ലെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപെടുന്നുണ്ട്. ആള്‍ക്കൂട്ടങ്ങളുണ്ടാകുന്ന സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. നിലവിലെ കൊവിഡ് വ്യാപനം നാലാംതരംഗമല്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News