കൊവിഡ്: അഖിലേന്ത്യാ ലോക്ക് ഡൗണിന് ശുപാര്‍ശ ചെയ്ത് കേന്ദ്ര സര്‍ക്കാരിന്റെ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍

Update: 2021-05-02 03:55 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അഖിലേന്ത്യാ ലോക്ക് ഡൗണ്‍ വേണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാരിലെ ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡിലെയും ടാസ്‌ക് ഫോഴ്‌സിലെയും അംഗങ്ങള്‍.

കൊവിഡ് വ്യാപനത്തിനുപുറമെ കൂടുതല്‍ അപകടകരമായ ജനിതകമാറ്റം സംഭവിച്ച വൈറസിനെ ചെറുക്കാന്‍ അടച്ചിടുകയല്ലാതെ മാര്‍ഗമില്ലെന്നാണ് ഉപദേശം. രാജ്യത്ത് ഇന്ന് 4.01 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 3,523 പേര്‍ രോഗംമൂലം മരിച്ചു.

ടാസ്‌ക് ഫോഴ്‌സില്‍ ഇന്ത്യയിലെ പ്രധാന ആരോഗ്യകേന്ദ്രങ്ങളായ എയിംസ്, ഐസിഎംആര്‍ എന്നിവിടങ്ങളിലെ വിദഗ്ധരാണ് ഉള്ളത്. ടാക്‌സ് ഫോഴ്‌സിന്റെ ചെയര്‍മാന്‍ വി കെ പോളാണ്. വിദഗ്ധസമിതിയുടെ ശുപാര്‍ശ അദ്ദേഹമാണ് പ്രധാനമന്ത്രിയെ അറിയിക്കുക.

ഏപ്രില്‍ 20ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി പറഞ്ഞത് ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ എല്ലാ വഴികളും നോക്കുമെന്നാണ്. അവസാന മാര്‍ഗമായി മാത്രമേ അത് പരിഗണിക്കു എന്നും ഉറപ്പുനല്‍കി.

അതേസമയം ഏപ്രില്‍ 20ന് രാജ്യത്ത് 2,59,170 പുതിയ കേസുകളേ റിപോര്‍ട്ട് ചെയ്തിരുന്നുള്ളു. അന്നത്തെ മരണം 1,761ആയിരുന്നു. എന്നാല്‍ പ്രഖ്യാപനം കഴിഞ്ഞ് പത്ത് ദിവസം പിന്നിടുമ്പോള്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിയായി.

Tags:    

Similar News