കൊവിഡ് വ്യാപനം: പൂജപ്പുര ജയിലില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രം
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി കൊവിഡ്-19 ബ്രിഗേഡ് സ്‌പെഷ്യല്‍ ടീമിനെ ജയിലില്‍ നിയോഗിക്കും.
സംസ്ഥാനത്തെ ജയിലുകളില്‍ 65 വയസ്സു കഴിഞ്ഞ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെയും ജയില്‍ ഡിജിപിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ജയിലുകളില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണിത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇന്ന് മാത്രം 114 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 363 പേര്‍ക്കാണ് ഇന്ന് പരിശോധന നടത്തിയത്. ഇതില്‍ നിന്നാണ് 114 പേര്‍ രോഗബാധിതരാണെന്ന് കണ്ടെത്തിയത്. 110 തടവുകാര്‍ക്കും 4 ഉദ്യോസ്ഥര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ പരിശോധന പൂര്‍ത്തിയാകുമ്പോള്‍ തടവുകാരും ജയില്‍ ജീവനക്കാരും അടക്കം 477 പേര്‍ക്കാണ് ഇതിനകം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.