മുംബൈ: മുംബൈയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആശുപത്രി പ്രവേശത്തിന് മുംബൈ കോര്‍പറേഷന്‍ കേന്ദ്രീകൃത പദ്ധതിയൊരുക്കുന്നു. എല്ലാ സ്വകാര്യ ആശുപത്രികളും ലഭ്യമായ കിടക്കകളില്‍ 80 ശതമാനം കേന്ദ്രീകൃത സംവിധാനത്തിനുവേണ്ടി നീക്കവയ്ക്കണം. അത് വിതരണം ചെയ്യുന്നതിനുവേണ്ടി കോര്‍പറേഷന്‍ ഒരു വാര്‍ റൂം തയ്യാറാക്കും.
ഈ ആഴ്ചയോടെ 7,000 കിടക്കകള്‍ കൂടി കൊവിഡ് രോഗികള്‍ക്ക് നീക്കിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കൊവിഡ് രോഗികള്‍ക്ക് 360 ഐസിയു കിടക്കയടക്കം 2,269 കിടക്കകള്‍ സജ്ജീകരിക്കാന്‍ കോര്‍പറേഷന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.
പുതിയ സംവിധാനം വരുന്നതോടെ ആശുപത്രികള്‍ക്ക് സ്വന്തം നിലയ്ക്ക് ആശുപത്രി പ്രവേശം അനുവദിക്കാനാവില്ല. എല്ലാ അലോട്ട്‌മെന്റും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍റൂമുകള്‍ നേരിട്ട് ചെയ്യും. പരിശോധനാ ലാബുകളില്‍ നിന്ന് പോസിറ്റീവ് കൊവിഡ് ലാബ് റിപോര്‍ട്ട് നേരിട്ട് കൈപ്പറ്റാന്‍ ശ്രമിക്കരുതെന്ന് മുംബൈ മുനിസിപ്പില്‍ കമ്മീഷണര്‍ ഇക്ബാല്‍ സിങ് ഛഹാല്‍ പറഞ്ഞു.
3000 കിടക്കകള്‍ക്കു പുറമേയാണ് പുതുതായി സജ്ജീകരിച്ച കിടക്കകള്‍. ഇതില്‍ 450 എണ്ണം സ്വകാര്യ ആശുപത്രികളിലാണ്.
മുംബൈയില്‍ 24 മണിക്കൂറിനുള്ളില്‍ 5,888 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12 പേര്‍ മരിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ പ്രദേശമാണ് മഹാരാഷ്ട്ര.