രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,064 കൊവിഡ് കേസുകള്‍; 17,411 പേര്‍ക്ക് രോഗമുക്തി
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,064 പുതിയ കൊവിഡ് 19 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ പ്രതിദിന കേസുകള്‍ രണ്ട് ലക്ഷമായി കുറഞ്ഞു. രോഗ മുക്തരുടെ എണ്ണം 1.02 കോടിയിലധികമായി. തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 137 മരണങ്ങളാണ്. മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന മരണസംഖ്യയാണിത്. കേരളത്തില്‍ 3,346 പുതിയ കേസുകളും മഹാരാഷ്ട്രയില്‍ 1,924 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് ദിവസമായി രാജ്യത്ത് നടത്തിവരുന്ന കൊവിഡ് വാക്‌സിനേഷന്‍ െ്രെഡവില്‍ 3.81 ലക്ഷത്തിലധികം മുന്‍ഗണനാ ഗ്രൂപ്പ് ഗുണഭോക്താക്കള്‍ക്ക് വാക്‌സിന്‍ നല്‍കി. 580 പേര്‍ക്ക് ഗുരുതരമായ പാര്‍ശ്വ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു, രണ്ടു മരണങ്ങളും. മൊറാദാബാദില്‍ 52 വയസുകാരനും കര്‍ണാടകയില്‍ 42 വയസുകാരനും ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണമടഞ്ഞു. എന്നാല്‍ മരണത്തിന് വാക്‌സിനുമായി ബന്ധമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,09,791 സാമ്പിളുകളാണ് പരിശോധിച്ചത്. സാമ്പിളുകളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ലാതെ തന്നെ രോഗബാധിതരുടെ എണ്ണവും കുറഞ്ഞത് ഏറെ ആശ്വാസകരമാണ്. ഇന്നലത്തെ കണക്കുകള്‍ കൂടി ചേര്‍ന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 18,78,02,827 ആയി ഉയര്‍ന്നെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.