കൊവിഡ്: സംസ്ഥാനത്ത് 2885 കെഎസ്ആര്‍ടിസി ബസുകള്‍ ഉപയോഗശൂന്യമായി

ആകെയുള്ള 6185 ബസുകളില്‍ 3400 എണ്ണമേ കെഎസ്ആര്‍ടിസി ഓടിക്കുന്നുള്ളൂ. കൊവിഡിനുമുന്‍പ് ശരാശരി ആറരക്കോടി പ്രതിദിനവരുമാനം ഇതോടെ മൂന്നരക്കോടിയായി കുറഞ്ഞിട്ടുണ്ട്.

Update: 2021-11-18 06:20 GMT

തിരുവനന്തപുരം: കൊവിഡ് അടച്ചിടലിനെ തുടര്‍ന്ന് സംസ്ഥാനത്ത് 2885 കെഎസ്ആര്‍ടിസി ബസുകള്‍ ഉപയോഗ ശൂന്യമായി. ഇതില്‍ ഏഴുവര്‍ഷം മാത്രം പഴക്കമുള്ള ബസുകള്‍ വരെയുണ്ട്. ഇപ്പോഴത്തെ വിപണിവിലയനുസരിച്ച് 700 കോടിയിലേറെ രൂപയുടെ പൊതുമുതലാണ് നശിക്കുന്നത്.

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ബസുകളുടെ ക്ഷമത പരിശോധിച്ചപ്പോഴാണ്, ബസ്സുകള്‍ കെട്ടിവലിച്ചുകൊണ്ടുപോകേണ്ട അവസ്ഥയാണെന്ന് യൂനിറ്റ് ഓഫിസര്‍മാര്‍ അഭിപ്രായപ്പെട്ടത്. കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് യൂനിറ്റ് ഓഫിസര്‍മാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ആദ്യ അടച്ചിടലില്‍ ബസുകള്‍ സ്റ്റാര്‍ട്ടാക്കി സ്റ്റാന്‍ഡുകളില്‍ തന്നെ ചെറുതായി ഓടിച്ച് സംരക്ഷിച്ചുവന്നിരുന്നു. രണ്ടാം അടച്ചിടലില്‍ ഈ രീതി മാറ്റി. അധികമുള്ള ബസുകള്‍ യൂനിറ്റുകളില്‍നിന്ന് പാര്‍ക്കിങ് സ്ഥലത്തേക്ക് മാറ്റണമെന്ന് ഏപ്രില്‍ 15ന് ഉത്തരവ് വന്നു. ഇതോടെ കെഎസ്ആര്‍ടിസിയുടെ എടപ്പാള്‍, ചടയമംഗലം, ചാത്തന്നൂര്‍, പാറശാല, കായംകുളം, ഇഞ്ചക്കല്‍ (തിരുവനന്തപുരം), ചേര്‍ത്തല, കാരയ്ക്കാമുറി (എറണാകുളം), ചിറ്റൂര്‍ പാര്‍ക്കിങ് യൂനിറ്റുകളിലും വര്‍ക്ക്‌ഷോപ്പുകളിലുമായി ബസുകള്‍ കയറ്റിയിട്ടു. എല്ലാ ടയറുകളും ഇളക്കിമാറ്റി ഡമ്മി ടയറുകള്‍ ഘടിപ്പിച്ചാണ് ബസുകള്‍ കയറ്റിയിട്ടത്.

ഡീസല്‍ ടാങ്ക് കാലിയാക്കുകയും ബാറ്ററികള്‍ ഇളക്കിമാറ്റുകയും ചെയ്തിരുന്നു. കോഴിക്കോട്ടുനിന്നുള്ള ബസ് പോലും 324 കിലോമീറ്റര്‍ അകലെ ചാത്തന്നൂരില്‍ കൊണ്ടുവന്ന് പാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇങ്ങനെ ബസുകള്‍ കയറ്റിയിടുന്നതിന് ഡീസല്‍ ചെലവിനത്തില്‍ ലക്ഷങ്ങളാണ് പാഴാക്കിയത്. ടയറും ബാറ്ററിയും മാറ്റാനായി വലിയ മനുഷ്യാധ്വാനവും വേണ്ടിവന്നു. മറ്റു പാര്‍ട്‌സുകള്‍ ഇളക്കരുതെന്നായിരുന്നു നിര്‍ദേശം. ഇപ്പോഴത്തെ പരിശോധനയില്‍ പല ബസുകളില്‍നിന്നും വേറെ പാര്‍ട്‌സുകളും ഇളക്കിമാറ്റിയനിലയിലാണ്.

കൊവിഡ് ചട്ടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വന്നതോടെ പാര്‍ക്കിങ് സ്ഥലങ്ങളില്‍നിന്ന് ജില്ലാ കോമണ്‍ പൂളിലേക്ക് മാറ്റാന്‍ പരിപാടിയുണ്ട്. ഇതിനകം ആക്രിയായ ബസുകള്‍ മണ്ണില്‍ പുതഞ്ഞുപോയതിനാല്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് കഴിഞ്ഞദിവസങ്ങളില്‍ നീക്കിയത്. ആകെയുള്ള 6185 ബസുകളില്‍ 3400 എണ്ണമേ കെഎസ്ആര്‍ടിസി ഓടിക്കുന്നുള്ളൂ. കൊവിഡിനുമുന്‍പ് ശരാശരി ആറരക്കോടി പ്രതിദിനവരുമാനം ഇതോടെ മൂന്നരക്കോടിയായി കുറഞ്ഞിട്ടുണ്ട്.

വലിയ തുക ചെലവഴിച്ചാല്‍ മാത്രമേ തകരാറ് സംഭവിച്ചവയില്‍ കുറച്ച് ബസ്സുകളെങ്കിലും നിരത്തിലിറക്കാന്‍ കഴിയൂ.

Tags:    

Similar News