പൊന്നാനിയില്‍ കടുത്ത നിയന്ത്രണം : മല്‍സ്യ- മാംസ വില്‍പ്പനയും നിരോധിച്ചു

പൊന്നാനി നഗരസഭാ പരിധിയില്‍ അവശ്യവസ്തുക്കള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്ന ആളുകള്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡ് കൈവശം വെക്കണം.

Update: 2020-07-10 09:38 GMT
പൊന്നാനിയില്‍ കടുത്ത നിയന്ത്രണം : മല്‍സ്യ- മാംസ വില്‍പ്പനയും നിരോധിച്ചു

മലപ്പുറം: സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം വര്‍ധിച്ച പൊന്നാനിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അടിയന്തിര വൈദ്യ സഹായം, വിവാഹം, മരണം എന്നിവക്കല്ലാതെയുള്ള യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. പാല്‍, പത്രം, മെഡിക്കല്‍ ലാബ് എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. മത്സ്യ മാംസാദികളുടെ വില്‍പന, വിതരണം എന്നിവ നിരോധിച്ചു. ഹോട്ടലുകളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ടുവരെ ഭക്ഷണം പാഴ്‌സലായി നല്‍കാം. ഇരുന്ന് കഴിക്കാന്‍ പാടില്ല. ഹൈവേയിലൂടെ കടന്ന് പോകുന്ന ദീര്‍ഘദൂര യാത്രാവാഹനങ്ങള്‍ 30 മിനിറ്റില്‍ കൂടുതല്‍ സമയം ഈ പ്രദേശ പരിധിയില്‍ ഉണ്ടാകരുത്. വിവാഹം, മരണാന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകള്‍ക്കേ ഒത്തുകൂടാന്‍ അനുമതിയുള്ളൂ.

പൊന്നാനി നഗരസഭാ പരിധിയില്‍ അവശ്യവസ്തുക്കള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്ന ആളുകള്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡ് കൈവശം വെക്കണം. റേഷന്‍ കാര്‍ഡില്ലാത്ത ആളുകള്‍ നഗരസഭ ഓഫീസില്‍ നിന്ന് പ്രത്യേക അനുമതി പത്രം വാങ്ങി കൈവശം വെക്കണം. കുട്ടികളും 65 വയസിന് മുകളില്‍ പ്രായമുള്ളവരുമല്ലാത്ത റേഷന്‍ കാര്‍ഡില്‍ പേരുള്ള ആളുകള്‍ മാത്രമേ പുറത്തിറങ്ങാവൂ.

പൊന്നാനി നഗരസഭാ പരിധിയില്‍ റേഷന്‍ കടകള്‍ക്ക് പുറമെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് അനുവദിച്ച സമ യം. കടയിലും പരിസരത്തും സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. പണമിടപാട് പരമാവധി ഒഴിവാക്കി ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തണമെന്നും നിര്‍ദേശമുണ്ട്. ഫുട്‌ബോള്‍ ഉള്‍പ്പടെയുള്ള കായിക വിനോദങ്ങള്‍, പൊതുസ്ഥലങ്ങളിലൂടെയുള്ള വ്യായാമത്തിനായുള്ള നടത്തം, ടര്‍ഫിലെ കളികള്‍ എന്നിവ നിരോധിച്ചു. കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍, അവശ്യ സേവനം നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ മാത്രമേ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുളളു.

അവശ്യ സര്‍വീസില്‍ ഉള്‍പ്പെടാത്ത സര്‍ക്കാര്‍ ജീവനക്കാരും പൊന്നാനി നഗരസഭാ പരിധില്‍ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് ജോലിക്ക് പോകേണ്ടവരും വീടുകളിലിരുന്നാണ് ജോലി ചെയ്യേണ്ടത്. ബാങ്ക്, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, അക്ഷയ എന്നിവ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടില്ല. പെട്രോള്‍ പമ്പുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് രാവിലെ ഏഴ് മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കാം. ആരാധനാലയങ്ങള്‍ തുറക്കുവാന്‍ പാടുള്ളതല്ല. രാഷ്ട്രീയമോ സാംസ്‌കാരികമോ ആയ പ്രകടനങ്ങളോ കൂടിച്ചേരലുകളോ യാതൊരു കാരണവശാലും അനുവദിക്കില്ല. നിലവില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ തുടരാന്‍ അനുവദിക്കും.

തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഒറ്റ അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഇരട്ട അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിലേക്കായി മാത്രം യാത്ര അനുവദിക്കും.

പൊന്നാനി നഗരസഭാ പരിധിയില്‍ ഞായാറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നഗരസഭാ പരിധിയില്‍ രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് തീരുമാനം. മേഖലയില്‍ വെറും മൂന്ന് ദിവസം കൊണ്ട് 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.


Tags:    

Similar News