കൊവിഡ് രോഗി സ്വയം റൂട്ട്മാപ്പ് പുറത്തുവിട്ടത് ജില്ലാ ഭരണകൂടത്തെ കബളിപ്പിക്കാന്‍

ഇയാള്‍ റൂട്ട് മാപ്പ് ഇന്നലെ സ്വയം പുറത്തുവിട്ടിരുന്നു

Update: 2020-03-31 16:21 GMT

കല്‍പ്പറ്റ: കഴിഞ്ഞദിവസം കമ്പളക്കാട് കൊവിഡ്-19 ബാധിച്ച രോഗിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചു. പലതവണ ഇദ്ദേഹം സമ്പര്‍ക്ക വിലക്ക് ലംഘിച്ചതായി കണ്ടെത്തി. ഇയാള്‍ റൂട്ട് മാപ്പ് ഇന്നലെ സ്വയം പുറത്തുവിട്ടിരുന്നു. ബെംഗളൂരു വിമാനത്താവളം മുതലുള്ള യാത്രയില്‍ വിലക്കുകള്‍ ലംഘിക്കാതെ സ്വയം മാതൃകയായെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. എന്നാല്‍, രോഗി കമ്പളക്കാട്ടെ വീട്ടില്‍ കയറാതെ നേരെ 15 കിലോമീറ്റര്‍ അകലെ കൂളിവയലില്‍ ബന്ധുവിന്റെ വീട്ടിലേക്കാണ് പോയതെന്നാണ് ജില്ലാ കലക്ടര്‍ക്ക് ലഭിച്ച വിവരം. കൂളിവയലില്‍ പോയ കാര്യം ഇയാള്‍ സ്വയം വിശദീകരിച്ച റൂട്ട് മാപ്പില്‍ പറഞ്ഞിരുന്നില്ല.

    വീട്ടിലെത്തിയ ശേഷമുള്ള ദിവസങ്ങളിലും ഇയാള്‍ പുറത്ത് ചുറ്റിക്കറങ്ങിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും കമ്പളക്കാട് പഴക്കടയിലുംസമ്പര്‍ക്ക വിലക്ക് സമയത്ത് ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍ സ്വന്തം വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നാണ് രോഗി നല്‍കിയ വിശദീകരണം. ഇത് സത്യമാണോ എന്നറിയാന്‍ കൊവിഡ് ബാധിതന്റെ വീട്ടിലെയും സഞ്ചരിച്ച ഇടങ്ങളിലെയും സിസിടിവികള്‍ പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീലാ അബ്ദുല്ല പറഞ്ഞു. പോലിസ് ജിയോ ഫെന്‍സിങ് സംവിധാനം ഉപയോഗിച്ചും അദ്ദേഹം സഞ്ചരിച്ച വഴികള്‍ പരിശോധിക്കുന്നുണ്ട്.



Tags:    

Similar News