റിയാദ്: കൊവിഡ് 19 ബാധിച്ച് വെന്റിലേറ്ററില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന യുവാവിന്റെ ഭാര്യയെയും കുഞ്ഞിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജുവിന്റെ ഭാര്യ മണിപ്പൂരി സ്വദേശിയെയും കുഞ്ഞിനെയുമാണ് ആത്മഹത്യ ചെയ്ത നിലയില്‍ സൗദിയിലെ ഫ്ലാറ്റില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ബിജുവിന്റെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാല് ദിവസം മുമ്പാണ് ബിജുവിന് മൂക്കിന് അസുഖം ബാധിച്ചത്. അത് കാണിക്കാന്‍ ആശുപത്രിയിലേക്ക് പോയ ബിജു മടങ്ങിവന്നില്ല. ഭാര്യ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് നാട്ടിലുള്ള ബിജുവിന്റെ സഹോദരി നാട്ടുകാര്‍ വഴി അന്വേഷിച്ചു. ആ അന്വേഷണത്തിലാണ് ബിജുവിനെ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആക്കിയ വിവരം അറിഞ്ഞത്.
കഴിഞ്ഞ ദിവസം ബിജുവിന്റെ അമ്മ പുറത്തുനില്ക്കുന്നതുകണ്ട അയല്‍വാസികള്‍ കാര്യം അന്വേഷിച്ചു. മരുമകള്‍ വാതില്‍ തുറക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് അവര്‍ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഭാര്യയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടത്. അവശയായ ബിജുവിന്റെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന ബിജുവിന്റെ ജോലി കുറച്ചുനാള്‍ മുമ്പ് നഷ്ടപ്പെട്ടിരുന്നു. പുതിയൊരു ജോലി തേടാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. മണിപ്പൂരി സ്വദേശിയായ ഭാര്യയെ കുറിച്ച്് ബിജുവിന്റെ സുഹൃത്തുക്കള്‍ അറിയില്ല.