ഡല്‍ഹിയില്‍ കൊവിഡ് പോസിറ്റിവിറ്റി 10 ശതമാനത്തിലേക്ക്; കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ചേക്കുമെന്ന് കെജ്രിവാള്‍

Update: 2022-01-25 12:52 GMT

ന്യൂഡല്‍ഹി; ജനങ്ങളുടെ ജീവനോപാധികളെ ബാധിക്കുന്ന തരത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ അനാവശ്യമായി നീട്ടിക്കൊണ്ടുപോവില്ലെന്ന്  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജനങ്ങളുടെ ആരോഗ്യം  കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

''കഴിഞ്ഞ പത്ത് ദിവസമായി കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ഇന്ന് അത് 10 ശതമാനമായി കുറഞ്ഞു. ജനുവരി 15ന് 30 ശതമാനമായിരുന്നു. കൂടുതല്‍ പേര്‍ വാക്‌സിന്‍ എടുത്തതുകൊണ്ടാണ് ഇത്ര പെട്ടെന്ന് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

വാക്‌സിനേഷന്‍ പരിപാടി വിജയിപ്പിക്കുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന പരിശ്രമങ്ങളെ കെജ്രിവാള്‍ അഭിനന്ദിച്ചു. ഡല്‍ഹിയില്‍ 100 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചവരാണ്. രണ്ടാം ഡോസ് സ്വീകരിച്ചവരുടെ ശതമാനം 82 ആയി.

'കൊവിഡ് 19 വര്‍ധിക്കുമ്പോള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. എന്നാല്‍ ജനങ്ങളുടെ ജീവിതത്തില്‍ ഒരു തടസ്സം സൃഷ്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, മറിച്ച് നിങ്ങളെയും നിങ്ങളുടെ ആരോഗ്യത്തെയും സംരക്ഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. താമസിയാതെ നിയന്ത്രണങ്ങള്‍ ഒഴിവാക്കി കൊണ്ടുവരാനും ജീവിതം സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാനുമുള്ള എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തും''- അദ്ദേഹം പറഞ്ഞു.

ഇന്ത്യ കൊവിഡിന്റെ മൂന്നാം തരംഗത്തിലൂടെ കടന്നുപോവുകയാണെങ്കിലും ഡല്‍ഹി അഞ്ചാം തരംഗത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

Tags:    

Similar News