കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; ഛത്തിസ്ഗഢിലേക്കും ചണ്ഡിഗഢിലേക്കും കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചു
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഛത്തിസ്ഗഢിലേക്കും ഛണ്ഡിഗഢിലേക്കും വിദഗ്ധ സംഘത്തെ നിയോഗിച്ചു.
ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ കേന്ദ്രത്തിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍, എയിംസിലെയും ഡല്‍ഹി ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘം രോഗതീവ്രത വര്‍ധിച്ച പ്രദേശങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കും.
പഞ്ചാബിലെയും ഛത്തിസ്ഗഢിലെയും രോഗവ്യാപനം തീവ്രമായ ജില്ലകളിലായിരിക്കും സംഘം പര്യടനം നടത്തുക. ഓരോ പ്രദേശത്തെയും കൊവിഡ് വ്യാപനത്തിന്റെ തോതും ഗുരുതരാവസ്ഥയും പഠിച്ച് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിയുമായും ആശയവിനിമയം നടത്തും.
വിദഗ്ധ സംഘത്തിന്റെ നിഗമനങ്ങളും നിര്‍ദേശങ്ങളും അതു സംബന്ധിച്ച റിപോര്‍ട്ടും സംസ്ഥാനങ്ങള്‍ക്കും ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു.
ഛണ്ഡിഗഢില്‍ മാത്രം വ്യാഴാഴ്ച 226 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ആകെ രോഗികളുടെ എണ്ണം 25,000 ആയി. ബുധനാഴ്ച 249 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന രോഗബാധയില്‍ ഏറ്റവും ഉയര്‍ന്ന എണ്ണമാണ് ഇത്.
ഛത്തിസ്ഗഢില്‍ 2,419 പുതിയ കൊവിഡ് കേസുകളാണ് വ്യാഴാഴ്ച റിപോര്‍ട്ട് ചെയ്തത്. നാല് മാസത്തിനുള്ളില്‍ റിപോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ എണ്ണമാണ് ഇത്. ബുധനാഴ്ച 2,106 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.