കൊവിഡ്: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും; പരിശോധന വര്‍ധിപ്പിക്കും

Update: 2021-01-27 18:19 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. നിയന്ത്രണങ്ങളില്‍ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതും കൊവിഡ് വ്യാപനത്തിന് കാരണമാണെന്ന് യോഗം വിലയിരുത്തി. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും.

പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ശാരീരിക അകലവും മാസ്‌ക്കും നിര്‍ബന്ധമാക്കും. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് പോലിസിനെ നിയോഗിക്കാനും തീരുമാനിച്ചു. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരാണ് ഇപ്പോള്‍ നിരീക്ഷണ ചുമതല നിര്‍വഹിക്കുന്നത്. അത് തുടരും. അവരോടൊപ്പം പോലിസ് കൂടി രംഗത്തുണ്ടാകണമെന്നാണ് തീരുമാനം. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ എണ്ണം വര്‍ധിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കണ്ടെയിന്റ്‌മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമായിരിക്കും. ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കാര്യമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.

വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒരു കാരണവശാലും നൂറിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ല.

കൊവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതില്‍ 75 ശതമാനം ആര്‍ടിപിസിആര്‍ പരിശോധനയായിരിക്കണം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍, കശുവണ്ടി ഫാക്ടറി പോലെ തൊഴിലാളികള്‍ ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്ന കേന്ദ്രങ്ങള്‍, വയോജന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാവരേയും ടെസ്റ്റ് ചെയ്യണം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധത്തിനുള്ള വാര്‍ഡുതല സമിതികള്‍ വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിക്കണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെയും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാക്കണം. ബോധവല്‍ക്കരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു.

നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നുണ്ടെങ്കിലും തൊഴിലെടുക്കുന്നതിനും ജീവിതോപാധിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കും തടസ്സമുണ്ടാകില്ല.

യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരും വിദഗ്ധ സമിതി അംഗങ്ങളും പങ്കെടുത്തു.

Tags:    

Similar News