തെലങ്കാനയില്‍ കൊവിഡ് വ്യാപനം കുറയുന്നു; ആന്റിബോഡിയുടെ സാന്നിധ്യമെന്ന് സൂചന
ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ് വ്യാപനവും രോഗം മൂലുമുള്ള മരണവും കുറയുന്നതിനു പിന്നില്‍ ആന്റിബോഡിയുടെ സാന്നിധ്യമുള്ളവരുടെ എണ്ണം ജനസംഖ്യയില്‍ വര്‍ധിച്ചതായിരിക്കുമെന്ന് സൂചന. ഡിസംബര്‍ മുതല്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് ആന്റിബോഡിയുടെ സാന്നിധ്യമാകാം കാരണമെന്ന നിഗമനത്തിലേക്ക് വിദഗ്ധരെ നയിക്കുന്നത്.
ബീഹാറിലും തെലങ്കാനയിലും തിരഞ്ഞെടുപ്പ് നടന്നിട്ടും ആശുപത്രിക്കിടക്കകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ഇതിന് ഒരേയൊരു കാരണം കണ്ടെത്താന്‍ ബുദ്ധിമുട്ടാണെങ്കിലും അതിലൊന്ന് ജനങ്ങളില്‍ വലിയൊരു വിഭാഗത്തിന്റെയും ശരീരത്തില്‍ ആന്റിബോഡിയുടെ സാന്നിധ്യമുള്ളതാവാം- ഹൈദരാബാദിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. ജി വി എസ് മൂര്‍ത്തി പറഞ്ഞു.
രാജ്യത്തെ പല സംസ്ഥാനങ്ങളും രോഗബാധയുടെ മൂര്‍ദ്ധന്യത്തിലെത്തും മുമ്പേ തെലങ്കാനയില്‍ വര്‍ധിച്ച രോഗബാധ അനുഭവപ്പെട്ടിരുന്നു. ആഗസ്റ്റ് 26-30 കാലത്തായിരുന്നു ഏറ്റവും കൂടുതല്‍ പ്രതിദിന രോഗബാധ സ്ഥിരീകരിച്ചത്, അത് ഏകദേശം 2,880വരും. പിന്നീടത് നവംബര്‍ 2ന് 1,600ആയി കുറഞ്ഞു, ഡിസംബര്‍ 24-30 കാലത്ത് 413 ആയി വീണ്ടും കുറഞ്ഞു.
86 ശതമാനം വരുന്ന രോഗബാധിതരിലുണ്ടായ ഈ കുറവ് ദേശീയ ശരാശരിയേക്കാള്‍ മെച്ചപ്പെട്ടതായിരുന്നു-അദ്ദേഹം പറഞ്ഞു.
തെലങ്കാനയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 426 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്തിനുള്ളില്‍ 3 പേര്‍ മരിക്കുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 2,86,815 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 2,79,456 പേര്‍ രോഗമുക്തിരായി. 1,544 പേര്‍ മരിച്ചു.
സജീവ രോഗികള്‍ 8,514 പേര്‍. തെലങ്കാനയിലെ രോഗമുക്തി നിരക്ക് 97.43 ശതമാനമായിട്ടുണ്ട്. കൊവിഡ് മരണ നിരക്ക് 0.53 ശതമാനം.
covid spread decreases in Telangana; Indication of the presence of an antibody