കൊവിഡ് വ്യാപിക്കുന്നു: നെല്ലായ കുളപ്പട പ്രദേശത്ത് നാളെ മുതല്‍ ശക്തമായ നടപടിയെന്ന് പഞ്ചായത്ത് പ്രസിഡണ്ട്
ചെര്‍പ്പുളശ്ശേരി: രണ്ട് ദിവസത്തിനകം 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച നെല്ലായ പഞ്ചായത്ത് ഒന്നാം വാര്‍ഡ് കുളപ്പടയില്‍ ബുധനാഴ്ച മുതല്‍ ശക്തമായ പ്രതിരോധ നടപടികള്‍ ആരംഭിക്കുമെന്ന് നെല്ലായ പഞ്ചായത്ത് പ്രസിഡണ്ട് പി കെ മുഹമ്മദ് ഷാഫി അറിയിച്ചു. ഇന്നു രാവിലെ മുതല്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാ വീടുകളിലും സന്ദര്‍ശിച്ച് രോഗലക്ഷണമുള്ളവരെ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.
ഇവിടെ വ്യാപന സാധ്യത കൂടുതലാണ്. ക്ലസ്റ്ററാകാനും സാധ്യതയുണ്ട്. ഇന്ന് 94 പേരെ ആന്റിജന്‍ പരിശോധന നടത്തിയതില്‍ 5 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഇന്നലെ പട്ടാമ്പിയില്‍ വെച്ച് 18 പേര്‍ക്ക് പരിശോധന നടത്തിയതില്‍ 10 പേര്‍ക്ക് പോസിറ്റീവ് ആണെന്നു കണ്ടെത്തി.
സാമൂഹ്യ വ്യാപനമാണ് ഇവിടെ നടന്നതെന്നു കണക്കാക്കുന്നു. ആഗസ്ത് 26 മുതലാണ് ഇവിടെ രോഗവ്യാപനം കൂടാന്‍ തുടങ്ങിയത്. ഇവിടെ ഒരു വീട്ടില്‍വെച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ യോഗം നടന്നിരുന്നു എന്നു കണ്ടെത്തി. അമ്പതോളം പേരാണ് ഇതില്‍ പങ്കെടുത്തത്. ഇതില്‍ പങ്കെടുത്ത 7 പേര്‍ക്ക് കൊവിഡ് ബാധിച്ചു. പിന്നീട് ഈ 7 പേരുടെ വീട്ടുകാര്‍ക്കും രോഗം ബാധിച്ചു. ഇത്തരം ചില നടപടികളും രോഗബാധക്ക് കാരണമായിട്ടുണ്ട്.
പ്രദേശത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൊലിസും ജാഗ്രത പാലിക്കുന്നുണ്ട്. ഇവിടെ പരിശോധനയുടെ എണ്ണം കൂട്ടുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ശാഫി അറിയിച്ചു.