കൊവിഡ് തന്ത്രങ്ങള്‍ മാറുന്നു; രോഗികളുടെ എണ്ണമല്ല, മരണമാണ് കണക്കിലെടുക്കേണ്ടതെന്ന് വിദഗ്ധര്‍

Update: 2020-06-13 05:25 GMT

ന്യൂഡല്‍ഹി: കൊവിഡ്- 19 രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗികളുടെ എണ്ണമല്ല രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണമാണ് പ്രധാനമെന്ന് വിദഗ്ധര്‍. രോഗവ്യാപനത്തിന്റെ തീവ്രതയും സര്‍ക്കാരുകളുടെ മികവും രോഗം മൂലമുള്ള മരണത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കാക്കേണ്ടതെന്നാണ് അവരുടെ അഭിപ്രായം.

കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ കൊവിഡ് മൂലമുള്ള മരണസംഖ്യ കൂടിവരികയാണ്. മെയ് 11ന് 87 മരണമുണ്ടായെങ്കില്‍ മെയ് 18 ന് അത് 157 ആയി. അതായത് ഒരാഴ്ച കൊണ്ടുള്ള ദിനംപ്രതിയുള്ള വര്‍ധന 70. പിന്നീട് കുറച്ചു ദിവസം 140-160 തോതില്‍ തുടര്‍ന്നതിനു ശേഷം മരണസംഖ്യ വീണ്ടും ഉയര്‍ന്നു.


മെയ് 31 ന് 265 പേരാണ് മരിച്ചത്. ജൂണ്‍ 12 ആയപ്പോഴേക്കും മരണം 396ആയി. ആ സമയത്തെ ആകെ രോഗബാധിതര്‍ മൂന്നു ലക്ഷത്തിനു തൊട്ടുതാഴെയായിരുന്നു. 2,97,535. നിലവില്‍ ആഗോളതലത്തിലെ മരണനിരക്കിനേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യ എന്നതാണ് ആകെ ആശ്വാസം. ഇന്ത്യയിലെ മരണനിരക്ക് 2.8ശതമാനമാണ്. ഇന്ത്യയില്‍ മഹാരാഷ്ട്ര, ദില്ലി, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ് മരണസംഖ്യ വര്‍ധിച്ചിട്ടുള്ളത്.

സിഎംസി വെല്ലൂരിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജയപ്രകാശ് മുലിയില്‍ പറയുന്നത്, കൂടുതല്‍ ടെസ്റ്റ് നടത്തി രോഗികളെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യുന്ന തന്ത്രങ്ങള്‍ക്ക് വിരാമമിടാറായി എന്നാണ്. ഇനി ഓക്‌സിജന്‍ സംവിധാനങ്ങളും വെന്റിലേറ്ററുകളും കിടക്കകള്‍ ഉണ്ടാക്കുക എന്നതിലുമാണ് ശ്രദ്ധ വേണ്ടത്. സാമൂഹിക പ്രസരണം നടന്ന ഇടങ്ങളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യുന്നതില്‍ ഒരു കാര്യവുമില്ല. രോഗം വര്‍ധിച്ച പല രാജ്യങ്ങളും രോഗികളെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നതുപോലുമില്ല. രോഗാവസ്ഥ ശ്രദ്ധിച്ച് വീട്ടില്‍ തന്നെ കഴിയാനാണ് പറയുന്നത്. ശ്വസിക്കാന്‍ ബുദ്ധിമുട്ടു പോലുള്ളവ അനുഭവപ്പെട്ടാലാണ് ആശുപത്രിവാസം ആവശ്യമുള്ളത്. അത് ഇന്ത്യയിലും ആവാമെന്നാണ് പുതിയ ചിന്ത.

ചെന്നൈ, മുംബൈ, ഡല്‍ഹി തുടങ്ങിയ പ്രദേശങ്ങളില്‍ ടെസ്റ്റിങ് നടത്തി രോഗികളെ കണ്ടെത്തിയതുകൊണ്ട് പ്രയോജനമില്ല. കാരണം അവിടെ സാമൂഹിക പ്രസരണം നടന്നുകഴിഞ്ഞു. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫി പബ്ലിക്ക് ഹെല്‍ത്തിലെ ഡോ. ഗിരിധര ആര്‍ ബാബു പറയുന്നതും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിയതുകൊണ്ട് ഗുണമില്ലെന്നാണ്. ആ ഘട്ടം ഡല്‍ഹിയും മുംബൈയും എന്നോ പിന്നിട്ടുകഴിഞ്ഞു. രോഗം വന്നതും രോഗം മാറിയതും അറിഞ്ഞിട്ടില്ലാത്തവരെ ടെസ്റ്റ് ചെയ്തതുകൊണ്ട് എന്തുഫലമെന്നാണ് ചോദ്യം. ശ്വാസതടസ്സം വന്നാല്‍ ആശപത്രിയിലാക്കി ചികില്‍സ നല്‍കുക, അതാണ് അഭികാമ്യം. രോഗാവസ്ഥയുളളവരോട് വീട്ടില്‍ കഴിയാന്‍ നിര്‍ദേശിക്കണം. കൊവിഡ് മരണം തടയുകയായിരിക്കണം ഇനി നമ്മുടെ മുന്‍ഗണന. പത്തുലക്ഷത്തില്‍ എത്ര മരണം എന്ന കണക്കുകളായിരിക്കണം നാം ഇനി ശ്രദ്ധിക്കേണ്ടത്. നിലവില്‍ ഇന്ത്യയില്‍ പത്ത് ലക്ഷത്തിന് 6.7 ആണ് മരണനിരക്ക്. ഇത് മറ്റേതൊരു രാജ്യത്തേക്കാള്‍ മെച്ചപ്പെട്ടതാണ്. യുഎസ്സില്‍ 351ഉം യുകെയില്‍ 608ഉമാണ്. സിങ്കപ്പൂരിലും ആസ്‌ത്രേലിയയിലും നമ്മെക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലാണ്. അവിടെ മരണനിരക്ക് 4 ആണ്.

രോഗശമന നിരക്കും പ്രധാനമാണ്. ഇന്ത്യയില്‍ ഇപ്പോഴത് 49.7ശതമാനമാണ്. 1,47,194 പേര്‍ രോഗവിമുക്തി നേടിയിട്ടുണ്ട്. 1,41,842 പേര്‍ ആശുപത്രിയില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,166 പേര്‍ക്ക് രോഗശമനമുണ്ടായിട്ടുണ്ട്. ഇരട്ടിപ്പിനെടുക്കുന്ന സമയത്തിലും മാറ്റമുണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. തുടക്കത്തില്‍ ഇരട്ടിപ്പിന് 3.4 ദിവസമാണ് എടുത്തിരുന്നതെങ്കില്‍ ഇപ്പോഴത് 17.4 ശതമാനമാണ്.

രോഗം കൂടുതലുള്ള സംസ്ഥാനമായ മഹാരാഷ്ട്ര തന്നെയാണ് രോഗം മൂലമുള്ള മരണത്തിലും മുന്നില്‍. മഹാരാഷ്ട്രയില്‍ മരണം 3,590 ആയി.

തമിഴ്‌നാട്ടില്‍ 349, ഡല്‍ഹി 1,085, ഗുജറാത്ത് 1,385, യുപി 345, രാജസ്ഥാന്‍ 265, മധ്യപ്രദേശ് 431, ബംഗാള്‍ 442, കര്‍ണാടക 72, ബീഹാര്‍ 36, ഒഡീഷ 9, അസം 6, പഞ്ചാബ് 59, കേരളം 18, ജാര്‍ഖണ്ഡ് 8, ഉത്തരാഖണ്ഡ് 13, ഛത്തസ്ഗഡ് 6 തുടങ്ങി വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ പത്തില്‍ താഴെയുമാണ് മരണസംഖ്യ.   

Tags:    

Similar News