ലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും കൊവിഡ് പരിശോധന; പുതിയ പ്രചാരണ പരിപാടിക്ക് തുടക്കം
പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടു മാസമായി കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ് രോഗലക്ഷണമുള്ള എല്ലാവരെയും പരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.
കോട്ടയം: കൊവിഡ് രോഗലക്ഷണങ്ങളെ അവഗണിക്കുകയും സ്വയം ചികിത്സിക്കുകയും ചെയ്യുന്ന പ്രവണതയ്‌ക്കെതിരെ ബോധവത്കരണവുമായി കോട്ടയം ജില്ലാ ഭരണകേന്ദ്രം.സ്വയം ചികിത്സ അപകടരമാണെന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം കോട്ടയം ജനറല്‍ ആശുപത്രിക്ക് സമീപത്തെ മെഡിക്കല്‍ സ്‌റ്റോര്‍ ഉടമയ്ക്ക് പോസ്റ്ററും ലഘുലേഖയും കൈമാറി ജില്ലാ കലക്ടര്‍ എം. അഞ്ജന നിര്‍വഹിച്ചു.
പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടു മാസമായി കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ് രോഗലക്ഷണമുള്ള എല്ലാവരെയും പരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. പനി, ചുമ, ജലദോഷം, തൊണ്ട വേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാതെ നേരിട്ട് മെഡിക്കല്‍ ഷോപ്പുകളിലെത്തി മരുന്നു വാങ്ങുന്നത് അപകടരമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
കൊവിഡ് പരിശോധന ഒഴിവാക്കി സ്വയം ചികിത്സ നടത്തുന്നവര്‍ ക്വാറന്റയിനോ കോവിഡ് പ്രോട്ടോക്കോളോ പാലിക്കാതിരിക്കുന്നത് രോഗവ്യാപനം രൂക്ഷമാക്കാന്‍ വഴിതെളിക്കും. ആശുപത്രിയില്‍ നിന്നുള്ള കുറിപ്പില്ലാതെ ആന്റി പൈറെറ്റിക്, ആന്റി ഹിസ്റ്റമിന്‍ വിഭാഗത്തില്‍പെടുന്ന മരുന്നുകള്‍ വാങ്ങാനെത്തുന്നവരെ മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴി ബോധവത്കരിക്കാനാണ് ലക്ഷ്യമിടുന്നത്.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സ്രവപരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ ജില്ലയിലെ എല്ലാ മെഡിക്കല്‍ സ്‌റ്റോറുകളിലും പ്രദര്‍ശിപ്പിക്കും. ആശുപത്രിയില്‍നിന്നുള്ള കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകള്‍ വാങ്ങാനെത്തുന്നവര്‍ക്ക് മരുന്നിനൊപ്പം ബോധവത്കരണ ലഖുലേഖയും നല്‍കും. മെഡിക്കല്‍ സ്‌റ്റോറുകള്‍ മുഖേന ശേഖരിക്കുന്ന ഇവരുടെ ഫോണ്‍ നമ്പരുകളിലേക്ക് ഇതുസംബന്ധിച്ച എസ്.എം.എസും അയയ്ക്കും. ജില്ലയിലെ നീതി, കാരുണ്യ, ജന്‍ ഔഷധി തുടങ്ങിയവയുള്‍പ്പെടെ 1250 ലധികം മെഡിക്കല്‍ സ്‌റ്റോറുകള്‍ പരിപാടിയില്‍ പങ്കാളികളാകും.
രോഗലക്ഷണങ്ങള്‍ ഉള്ളവരെ മുഴുവന്‍ പരിശോധനയ്ക്ക് വിധേയരാക്കിയാല്‍ രോഗികളെ കണ്ടെത്തി ചികിത്സിക്കുന്നതിനും മറ്റുള്ളവര്‍ക്ക് രോഗം പകരുന്ന സാഹചര്യം ഒഴിവാക്കുന്നതിനും കഴിയുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു.