കൊവിഡ്: രാജ്യത്ത് സജീവരോഗികള്‍ 1.8 ലക്ഷം, 24 മണിക്കൂറിനുള്ളില്‍ 18,327 പേര്‍ക്ക് രോഗബാധ
ന്യൂഡല്‍ഹി: ഈ വര്‍ഷം ആദ്യമായി കൊവിഡ് സജീവരോഗികളുടെ എണ്ണം 1.8 ലക്ഷത്തിനു മുകളിലായി. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 18,327 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. 14,234 പേര്‍ രോഗമുക്തരായി. ഇന്നലെ മാത്രം 108 പേര്‍ രോഗബാധിതരായി മരിച്ചു. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,57,656. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,11,92,088 ആയി.
കഴിഞ്ഞ ദിവസം രാജ്യത്ത്് 16,838 പേര്‍ക്കാണ് രോഗം ബാധിച്ചിരുന്നത്. ഇന്നലെ മാത്രം 113 പേര്‍ മരിക്കുകയും ചെയ്തു.
സജീവ രോഗികളെന്നതുകൊണ്ട് നിലവില്‍ രോഗം ബാധിച്ച് ഏതെങ്കിലും തരത്തിലുള്ള ചികില്‍സ തേടുന്നവരെന്നാണ് അര്‍ത്ഥമാക്കുന്നത്. സജീവരോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനര്‍ത്ഥം രോഗമുക്തരേക്കാള്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്നതും രോഗബാധിതരുടെ പ്രതിദിന എണ്ണത്തില്‍ വര്‍ധനയുണ്ടാവുന്നുണ്ടെന്നുമാണ്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഉണ്ടായ വര്‍ധനയ്ക്ക് ശേഷം കഴിഞ്ഞ മാസം രോഗബാധ കുറയുന്ന പ്രവണതയാണ് ഉണ്ടായിരുന്നതെങ്കിലും പുതിയ കണക്കുകള്‍ രോഗബാധ അടുത്ത തരംഗത്തിലേക്ക് നീങ്ങുകയാണോ എന്ന് ആരോഗ്യവകുപ്പ് സംശയിക്കുന്നു.
മഹാരാഷ്ട്രയാണ് ഇപ്പോഴും രാജ്യത്തെ ഏറ്റവും രോഗവ്യാപനം കൂടിയ സംസ്ഥാനം. ഇന്നലെ മാത്രം അവിടെ 10,216 പേര്‍ക്ക് രോഗബാധയുണ്ടായി. കേരളമാണ് അടുത്തത്. കേരളത്തില്‍ 2,776 പേര്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചത്. തമിഴ്‌നാട്ടില്‍ 543 പേര്‍ക്കും രോഗബാധയുണ്ടായി. ഒന്നര മാസത്തിനു ശേഷം ഡല്‍ഹിയിലും രോഗബാധ വര്‍ധിക്കുന്നുണ്ട്. ഇന്നലെ 312 പേര്‍ക്ക് രോഗം ബാധിച്ചു. പഞ്ചാബില്‍ 818, ബംഗാളില്‍ 255 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.