മോണോക്ലോണല്‍ ആന്റിബോഡി മിശ്രിതമുപയോഗിച്ച് കൊവിഡ് ചികില്‍സ; ഫലപ്രദമെന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രികള്‍
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ പരീക്ഷിച്ച മോണോക്ലോണല്‍ ആന്റിബോഡി മിശ്രിതമുപയോഗിച്ചുള്ള കൊവിഡ് ചികില്‍സ ഫലപ്രദമെന്ന് മുംബൈ സ്വകാര്യ ആശുപത്രിയിലെ പഠനം. ഈ മരുന്നു മിശ്രിതം ഉപയോഗിച്ച് രോഗം ഭേദമാവില്ലെങ്കിലും രോഗത്തിന്റെ തീക്ഷ്ണത കുറയുമെന്ന് പഠനം വെളിപ്പെടുത്തി. മറ്റ് രോഗങ്ങളുളള കൊവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഈ രീതി ഫലപ്രദമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അസുഖം സ്ഥിരീകരിച്ച് ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ മരുന്ന് മിശ്രിതം കുത്തിവയ്ക്കണം.
ഏതെങ്കിലും രോഗം വന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ ശരീരത്തില്‍ ആന്റിബോഡികള്‍ രൂപം കൊള്ളും. മോണോക്ലോണല്‍ ആന്റിബോഡികളും വ്യത്യസ്തമല്ല. ഇവിടെ ആന്റിബോഡികള്‍ ലാബറട്ടറികളിലാണ് രൂപം കൊളളുന്നത്. ഇത് ശരീരത്തിലെത്തുന്നതോടെ കൊവിഡ് പ്രതിരോധം സാധ്യമാകും. മനുഷ്യകോശങ്ങളിലേക്ക് കൊവിഡ് വൈറസിന്റെ പ്രോട്ടീന്‍ എത്തുന്നതിനെ തടയും. കാസിരിവിമാബും ഇംദേവിമാബും ആന്റിബോഡികളാണ് ചികില്‍സക്ക് ഉപയോഗിക്കുന്നത്.
രണ്ട് ആന്റിബോഡികളുടെ 600 മില്ലിഗ്രാം മിശ്രിതമാക്കുകയാണ് ചെയ്യുക. അത് ശരീരത്തില്‍ മുപ്പത് മിനിട്ട് ഇടവേളകളില്‍ നാലിടത്തായി കുത്തിവയ്ക്കും. രോഗിയെ ഒരു മണിക്കൂര്‍ നീരീക്ഷണത്തില്‍ വയ്ക്കും.
ഈ രീതി നേരത്തെ എബോളയ്ക്കും എച്ച്‌ഐവിക്കം ഉപയോഗിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ കോക്ക് ടെയില്‍ ചികില്‍സക്കുപയോഗിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ മെയ് മാസത്തില്‍ അനുമതി നല്‍കിയിരുന്നു. മുംബൈയിലെ നാനാവതി ആശുപത്രിയിലും വോക്ഹാര്‍ട്ട് ആശുപത്രിയിലും പുതിയ മരുന്നുപയോഗിച്ച് ചികില്‍സ നടന്നു.
ജൂണ്‍ 1 മുതല്‍ നാനാവതി ആശുപത്രിയില്‍ നാല് പേരെ ഈ മിശ്രിതം ഉപയോഗിച്ച് ചികില്‍സിച്ചു. അതില്‍ ഒരാള്‍ 58 വയസ്സും 130 കിലോഗ്രാം ഭാരവുമുള്ള ഒരാളായിരുന്നു.
വോക്ക്ഹാര്‍ട്ട് ആശുപത്രിയില്‍ രണ്ട് സ്ത്രീകളെ ഈ രീതിയില്‍ ചികില്‍സിച്ചു. രണ്ട് പേരും കിഡ്‌നി പ്രശ്‌നങ്ങളുള്ളവരായിരുന്നു.
ഗുരുതരമായി കൊവിഡ് ബാധിച്ചവരില്‍ ഇത് ഉപയോഗിക്കാനാവില്ല.
70,000 രൂപയാണ് ഇതിന് ചെലവ് വരിക. അതായത് 1,000 യുഎസ് ഡോളര്‍. യുഎസ്സില്‍ ഇതിന് 20,000 ഡോളര്‍ ചെലവുവരും.