കൊവിഡ്: നേപ്പാളില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചു; ഉപയോഗിച്ചത് ഇന്ത്യന്‍ നിര്‍മിത വാക്‌സിന്‍

Update: 2021-03-03 13:08 GMT

കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിച്ചു. കാഠ്മണ്ഡുവിലെ മിന്‍ഭവന്‍ സിവില്‍ ആശുപത്രിയിലെത്തിയാണ് നേതാക്കള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

ആരോഗ്യമന്ത്രി ഹൃദയേഷ് ത്രിപാഠി, സ്പീക്കര്‍ അഗ്നി പ്രസാദ് സ്പകോട്ട, നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് പുഷ്പ കമാല്‍ ദഹല്‍, മാധവ് കുമാര്‍ നേപ്പാള്‍ തുടങ്ങിയവരും ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയായ കെ പി ശര്‍മ ഒലി ഇന്ന് വിളിച്ചുചേര്‍ത്ത കാബിനറ്റ് യോഗത്തിനുശേഷമാണ് വാക്‌സിന്‍ നടപടികള്‍ ആരംഭിച്ചത്.

കൊവിഡ് പ്രതിരോധത്തിന്റെ പ്രചരണാര്‍ത്ഥമാണ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ആദ്യം തന്നെ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്. സുരക്ഷാ ജീവനക്കാര്‍, കൊവിഡ് മുന്‍നിരപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക.

നേപ്പാള്‍ ആര്‍മി ചീഫ് പുര്‍ന ചന്ദ്ര താപ്പ മാര്‍ച്ച് ഒന്നാം തിയ്യതി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

60 വയസ്സു തികഞ്ഞവര്‍ക്കാണ് നേപ്പാളില്‍ ആദ്യം വാക്‌സിന്‍ നല്‍കുക. ഇത് നേപ്പാളി ജനതയുടെ 8.37 ശതമാനം വരും. ഇന്ത്യയില്‍ നിന്ന് അയച്ച കൊവിഡ് വാക്‌സിന്റെ രണ്ടാമത്തെ ലോഡ് കഴിഞ്ഞ ദിവസം നേപ്പാളിലെത്തിയിരുന്നു. സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉല്‍പ്പാദിപ്പിച്ച ആസ്ട്രസെനക്ക കമ്പനി വികസിപ്പിച്ചെടുത്ത കൊവിഷീല്‍ഡ് വാക്‌സിനാണ് നേപ്പാളിലേക്ക് അയച്ചത്.

പൊതു വാക്‌സിനേഷന്‍ നടപടികള്‍ മാര്‍ച്ച് ഏഴിന് ആരംഭിക്കും.

Tags:    

Similar News