ഗുജറാത്തില്‍ മൂന്ന് വര്‍ഷം മുന്‍പ് മരിച്ചയാള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി സര്‍ട്ടിഫിക്കറ്റ്

ജീവിച്ചിരിക്കുന്നവര്‍ മാസങ്ങളായി കൊവിഡ് വാക്‌സിനു വേണ്ടി കാത്തിരിക്കുമ്പോഴാണ് ഗുജറാത്ത് ആരോഗ്യവകുപ്പ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടവര്‍ക്ക് കൊവിഡ് വാക്‌സിന്‍ 'നല്‍കി' ഏവരെയും വിസ്മിപ്പിക്കുന്നത്

Update: 2021-06-01 19:08 GMT

വഡോദര: ഇന്ത്യയിലെ സര്‍വകലാശാലകളില്‍ കംപ്യൂട്ടര്‍ പ്രിന്റിങ് എത്തുന്നതിന് വര്‍ഷങ്ങള്‍ മുന്‍പു തന്നെ കംപ്യൂട്ടറില്‍ പ്രിന്റ് ചെയ്ത് ലഭിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിച്ച് ലോകത്തെ ഞെട്ടിച്ച നരേന്ദ്ര മോദിയുടെ ഗുജറാത്തില്‍ നിന്നും മറ്റൊരു വാര്‍ത്ത. ലോകത്ത് കൊവിഡ് കണ്ടെത്തുന്നതിന് മുന്‍പ് മരിച്ചുപോയ ഒരാള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിക്കൊണ്ടാണ് ഗുജറാത്ത് വീണ്ടും വിസ്മയിപ്പിക്കുന്നത്.

മൂന്ന് വര്‍ഷം മുന്‍പ് മരിച്ച ഗുജറാത്തിലെ ഉപ്ലേത ഗ്രാമത്തിലെ ഹര്‍ദാസ്ഭായിക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതിന്റെ സര്‍ട്ടിഫിക്കറ്റ് വീട്ടുകാര്‍ക്ക് അയച്ചുകൊടുത്താണ് ആരോഗ്യവകുപ്പ് പരേതനെ കൂടി കോവിഡിനെതിരായ പോരാട്ടത്തില്‍ പങ്കാളിയാക്കിയത്. ഹര്‍ദാസ്ഭായിക്ക് വാക്‌സിന്‍ ലഭിച്ചുവെന്ന് പറഞ്ഞ് കുടുംബത്തിന് ലഭിച്ച സന്ദേശമാണ് ഏവരേയും ഞെട്ടിച്ചത്. 2018ലാണ് ഹര്‍ദാസ്ഭായ് മരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മരണ സര്‍ട്ടിഫിക്കേറ്റും സര്‍ക്കാരില്‍ നിന്ന് വാങ്ങിയിരുന്നു. ഇപ്പോള്‍ ഹര്‍ദാസ്ഭായിയുടെ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചതിന്റെ അമ്പരപ്പിലാണ് കുടുംബം.

ഗുജറാത്തില്‍ നേരത്തെയും പരേതര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. 2011ല്‍ മരിച്ച നട്‌വര്‍ലാല്‍ ദേശായിക്ക് വാക്‌സിന്‍ നല്‍കിയെന്ന് പറഞ്ഞ് ഗുജറാത്ത് ആരോഗ്യവകുപ്പ് മകന്‍ നരേഷ് ദേശായിക്ക് സന്ദേശം അയച്ചിരുന്നു. ജീവിച്ചിരിക്കുന്നവര്‍ മാസങ്ങളായി കൊവിഡ് വാക്‌സിനു വേണ്ടി കാത്തിരിക്കുമ്പോഴാണ് ഗുജറാത്ത് ആരോഗ്യവകുപ്പ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടവര്‍ക്ക് കൊവിഡ് വാക്‌സിന്‍ 'നല്‍കി' ഏവരെയും വിസ്മിപ്പിക്കുന്നത്.

Tags:    

Similar News