കൊവിഡ് വാക്സിന്‍ വിതരണം: വിശദീകരണം തേടി ഭാരത് ബയോടെക്, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ക്ക് ഹൈക്കോടതിയുടെ നോട്ടിസ്

Update: 2021-04-27 14:11 GMT

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് വാക്‌സിന്‍ വിതരണനയത്തിനെതിരെ എം കെ മുനീര്‍ എംഎല്‍എ, സി പി പ്രമോദ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഭാരത് ബയോടെക്, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ക്ക് വിശദീകരണം ബോധിപ്പിക്കുന്നതിനു ഹൈക്കോടതി നോട്ടിസ് അയച്ചു. ഇതേ വിഷയവുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ഉത്തരവുകളൊന്നും പുറപ്പെടുവിക്കുന്നില്ലെന്നു കോടതി വ്യക്തമാക്കി.

കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ നിലവില്‍ അപാകതകള്‍ ഉണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികളില്‍ നിന്നു വിശദീകരണം കോടതി ആവശ്യപ്പെട്ടിടുണ്ട്. രാജ്യത്ത് ദൈനംദിന മരണ നിരക്ക് 2,500 കഴിഞ്ഞതായി ഹരജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. രാജ്യത്ത് 90 ശതമാനത്തിലധികം ജനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ തെറ്റായ നയത്തിന്റെ ഭാഗമായി വാക്‌സിന്‍ ഇതുവരെ കിട്ടിയിട്ടില്ലെന്നും ഹരജിക്കാര്‍ വ്യക്തമാക്കി.

ഓരോ വാക്‌സിനും വ്യത്യസ്ത വില ഈടാക്കുന്നത് വിവേചനമാണെന്നും 45 വയസിന് താഴെയുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിക്കാര്‍ കോടതിയില്‍ പറഞ്ഞു. ഡ്രഗ്‌സ് കണ്‍ട്രോള്‍ ആക്ട് പ്രകാരം കേന്ദ്രത്തിന് മരുന്നുകളുടെ വില നിശ്ചയിക്കുന്നതില്‍ ഇടപെടുന്നതിനു അധികാരമുണ്ടായിട്ടും ഇടപെടുന്നില്ലെന്നു ഹരജിക്കാര്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കമ്പനികള്‍ വ്യത്യസ്ത വില കൊവിഡ് വാക്സീന് ഈടാക്കുന്നത് വിവേചനപരമാണെന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടി. 

Tags:    

Similar News