കൊവിഡ് വാക്‌സിന്‍ നല്‍കിയത് 3.8 ലക്ഷം പേര്‍ക്ക്: പാര്‍ശ്വഫലങ്ങള്‍ കണ്ടത് 580 പേരില്‍

ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്ന് ഇന്നലെ വൈകിട്ടാണ് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ ആശുപത്രിയിലെ വാര്‍ഡ് ജീവനക്കാരനായ മഹിപാല്‍ സിങ് (46) ആണ് മരണപ്പെട്ടത്.

Update: 2021-01-19 02:15 GMT

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നു ദിവസമായി നടക്കുന്ന കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പില്‍ ഇതുവരെ 3.8 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. അതില്‍ 580 ആളുകളിലാണ് പാര്‍ശ്വഫലങ്ങള്‍ കാണപ്പെട്ടതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ തന്നെ ഏഴ് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ രണ്ടുപേര്‍ മരിച്ചു. എന്നാല്‍ മരണങ്ങളൊന്നും വാക്‌സിനുകളുമായി ബന്ധപ്പെട്ടതല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.


ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്ന് ഇന്നലെ വൈകിട്ടാണ് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ ആശുപത്രിയിലെ വാര്‍ഡ് ജീവനക്കാരനായ മഹിപാല്‍ സിങ് (46) ആണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന് 24 മണിക്കൂര്‍ മുമ്പ് വാക്‌സിന്‍ നല്‍കിയിരുന്നു. എന്നാല്‍ മരണത്തിന് വാക്‌സിനേഷനുമായി ബന്ധമില്ലെന്ന് ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. മഹിപാല്‍ സിങ് ഹൃദ്രോഗിയാണെന്ന് കുടുംബവും വെളിപ്പെടുത്തിയിട്ടുണ്ട്.


കര്‍ണാടകയിലെ ബെല്ലാരിയിലെ 43 കാരനാണ് വാക്‌സിന്‍ സ്വീകരിച്ച ശേഷം മരിച്ച മറ്റൊരാള്‍. ഹൃയാഘാതമാണ് ഇദ്ദേഹത്തിന്റെയും മരണകാരണം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം ഇതുവരെ നടന്നിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. വാക്‌സിന്‍ കാരണമല്ല ഇദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു.


കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം പാര്‍ശ്വഫലങ്ങള്‍ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴു പേരില്‍ മൂന്ന് പേര്‍ ഡല്‍ഹിയില്‍ നിന്നുള്ളവരാണ്. രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തു, ഒരാള്‍ മാക്‌സ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കര്‍ണാടകയില്‍ നിന്ന് രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, രോഗികളില്‍ ഒരാള്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്.


രാജ്യത്ത് ആദ്യഘട്ടമായി നടക്കുന്ന കൊവിഡ് വാക്‌സിനേഷനില്‍ ഒരു കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ട് കോടി ഫ്രണ്ട് ലൈന്‍ തൊഴിലാളികള്‍ക്കും തുടക്കത്തില്‍ വാക്‌സിന്‍ ലഭിക്കും. പിന്നീട്, 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരോ അല്ലെങ്കില്‍ പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയ രോഗാവസ്ഥകളാല്‍ ബുദ്ധിമുട്ടുന്നവരോ ആയ 27 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.




Tags:    

Similar News