കൊവിഡ് വാക്‌സിന്‍ ഇറക്കുമതിച്ചുങ്കം ഒഴിവാക്കിയേക്കും

Update: 2021-04-20 04:48 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് വാക്‌സിന് ചുമത്തുന്ന ഇറക്കുമതിച്ചുങ്കം ഒഴിവാക്കിയേക്കും. ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് വാര്‍ത്ത പുറത്തുവിട്ടത്. നിലവില്‍ 10 ശതമാനമാണ് വാക്‌സിന്റെ ഇറക്കുമതിച്ചുങ്കം.

റഷ്യയില്‍ നിര്‍മിക്കുന്ന സ്പുട്‌നിക് 5 വാക്‌സിന്‍ താമസിയാകെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌തേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ആഗോള നിര്‍മാതാക്കളായ ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ തുടങ്ങിയവയും അനുമതി ലഭിച്ചാല്‍ ഇറക്കുമതി ആരംഭിക്കും.

അതേസമയം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വാക്‌സിന്‍ വിപണിയില്‍ നിന്ന് എടുത്തുകളയാനും വില നിര്‍ണയ അവകാശം കമ്പനികള്‍ക്ക് നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായാണ് വിവരം.

നിലവില്‍ കൊവിഡ് വാക്‌സിന്റെ വില്‍പനയും വില നിര്‍ണയവും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. അതേസമയം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയില്ല.

ലോകത്തെ പല രാജ്യങ്ങളിലും കൊവിഡ് വാക്‌സിന് 10-20 ശതമാനം നികുതിയാണ് ചുമത്തുന്നത്.

മെയ് ഒന്നു മുതല്‍ രാജ്യത്തെ 18 വയസ്സായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

Tags:    

Similar News