കൊവിഡ് വാക്‌സിന്‍: വിദേശത്ത് പഠനത്തിനും ജോലിക്കും പോകുന്ന 18-45 വയസ്സുകാര്‍ക്കും മുന്‍ഗണന; വാക്‌സിന്‍ നല്‍കുന്നത് പോകുന്ന രാജ്യങ്ങളുടെ വാക്‌സിന്‍ പോളിസി പരിശോധിച്ച്
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി. വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കോ പഠനത്തിനോ ആയി പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രത്യേക ഫോര്‍മാറ്റില്‍ നല്‍കും. ഈ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തും. ജില്ലാ മെഡിക്കല്‍ ഓഫീസറെയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഇങ്ങനെ പോകുന്നവര്‍ക്ക് രണ്ടാമത്തെ ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ നാല് മുതല്‍ ആറാഴ്ചയ്ക്കുള്ളില്‍ എടുക്കും. പോര്‍ട്ടലില്‍ രേഖപ്പെടുത്തുവാന്‍ സാധിക്കാത്തതിനാല്‍ ജില്ലയില്‍ പ്രത്യേകമായി രേഖപ്പെടുത്തും.
സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയിട്ടുള്ള വാക്‌സിന്‍ സ്റ്റോക്കില്‍ നിന്നും നല്‍കും. വിസ, വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ രേഖകള്‍, ജോലി/ വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയ രേഖകള്‍ പരിശോധിച്ച് വേണം വാക്‌സിന്‍ നല്‍കുവാന്‍. വാക്‌സിന്‍ നല്‍കുമ്പോള്‍ യാത്ര പോകുന്ന രാജ്യങ്ങളിലെ വാക്‌സിനേഷന്‍ പോളിസി കൂടി പരിശോധിച്ച് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടോ എന്നുകൂടി ഉറപ്പാക്കും.