ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനുകള്‍ സംഭരിക്കാന്‍ വിമാനത്താവളങ്ങളില്‍ സംവിധാനം ഒരുക്കുന്നു. ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവളങ്ങളിലാണ് വാക്‌സിന്റെ ലക്ഷക്കണക്കിന് ഡോസുകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള ശീതീകരിച്ച കണ്ടെയ്‌നറുകള്‍ തയ്യാറാക്കുന്നത്. രണ്ട് വിമാനത്താവളങ്ങളിലും താപനില മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് വരെ ക്രമീകരിക്കാവുന്ന കൂള്‍ ചേംബറുകള്‍, വാക്‌സിന്‍ അടക്കമുള്ളവ സുരക്ഷിതമായി വിമാനങ്ങളില്‍നിന്ന് കാര്‍ഗോ ടെര്‍മിനലുകളിലേക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക ട്രോളികള്‍ എന്നിവ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. രാജ്യത്ത് മൂന്നുകോടി ഡോസുകള്‍ സംഭരിക്കാന്‍ കഴിയുന്ന ശീതീകരിച്ച സംവിധാനങ്ങളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ള മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കാനാണ് ആദ്യഘട്ടത്തില്‍ മൂന്ന് കോടി വാക്‌സിനുകള്‍ ഉപയോഗിക്കുക.
ഓക്‌സഫഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്ര സെനിക്കയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്യുക. ഇന്ത്യന്‍ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ആണ് ഇത് നിര്‍മിക്കുന്നത്. യു.കെയിലും ബ്രസീലിലും നടത്തിയ പരീക്ഷണങ്ങളില്‍ വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ വിജയിച്ചാല്‍ വിതരണം ചെയ്യുമെന്നാണ് കരുതുന്നത്.